ശരണ്യയുടെ ഓർമദിനത്തിൽ സീമ ജി നായരുടെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു.
ക്യാൻസറിനോട് പടപൊരുതി പലതവണ ജീവിതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷം, അകാലത്തിൽ വിടപറഞ്ഞ താരമാണ് നടി ശരണ്യ ശശി. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഈ വിടവാങ്ങല്‍. ഇപ്പോഴിതാ ശരണ്യയുടെ ഓർമദിനത്തിൽ ഹൃദയസ്‍പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ.
''നീ പോയിട്ട് 4 വർഷം പിന്നിടുന്നു... ഓഗസ്റ്റ് 9..ഈ ദിനം മറക്കാൻ കഴിയില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു നിൽക്കുമ്പോളും പ്രതീക്ഷകളായിരുന്നു.. നീ തിരിച്ചു വരുമെന്ന പ്രതീക്ഷ.. ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല. ഓർമ്മകൾ മരിക്കില്ല. പക്ഷെ ചില ഓർമ്മകൾ മരണത്തിനു തുല്യം ആണ്. ജനനത്തിനും ജീവിതത്തിനും മരണത്തിനുമിടയിൽ, നീ സന്തോഷമായി ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. കാരണം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നീ ജീവിക്കുകയായിരുന്നു. നിന്റെ സ്വപ്നങ്ങളേക്കാളും മറ്റുള്ളവരുടെ സ്വപ്നത്തിനു നീപ്രാധാന്യം കൊടുത്തു . അതെല്ലാം സഫലീകരിച്ചോ എന്നെനിക്കറിയില്ല. നമ്മളറിയാത്ത ഏതോ ലോകത്തു നീ ഉണ്ടെന്നു വിശ്വസിക്കുന്നു. എത്രയോ ദൂരം നിനക്ക് മുന്നോട്ടു പോകാനുണ്ടായിരുന്നു .. വിധിയിൽ ജീവിതം തലകീഴായി മറിഞ്ഞു. അവിടെയും നീ മാക്സിമം പിടിച്ചു നിന്നു. ഒരുതിരിച്ചു വരവിനായി.. പക്ഷേ...
ഇപ്പോൾ ട്രെയിനിൽ ആണ്. ട്രയിനിൽ ഇരുന്നാണ് ഈ കുറിപ്പിടുന്നത് . തിരുവനന്തപുരം RCC യുടെ മുന്നിൽ കുറച്ചു പേർക്ക് ഭക്ഷണം കൊടുക്കണം.. എത്രയോ നാളുകൾ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നതാണ് ... ഒരു കാര്യം എനിക്കുറപ്പാണ്... എന്റെ കൂടെ നീയുണ്ട്.. അത് പലപ്പോളും എനിക്ക് മനസിലായിട്ടുണ്ട്.... ആരും അല്ലാത്ത ബന്ധം ... പക്ഷെ എല്ലാമായി തീർന്ന ബന്ധം..'', സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.
