'പാടാത്ത പൈങ്കിളി' എന്ന സീരിയലിലൂടെ പ്രശസ്തനായ നടൻ സൂരജ് സണ്ണിന്റെ അച്ഛൻ അടുത്തിടെ അന്തരിച്ചു. അച്ഛന്റെ അവസാന നാളുകളെക്കുറിച്ചും മക്കളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും താരം സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പുകൾ പങ്കുവെച്ചു.
മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ പലരും സൂരജിനെ ഏറ്റെടുത്തു. ചില വ്യക്തിപരമായ കാരണങ്ങളാൽ താരം സീരിയലിൽ നിന്ന് വിട്ട് നിന്നപ്പോഴും ഏവരും ഒപ്പം നിന്നു. മോട്ടിവേഷണൽ വീഡിയോയും മറ്റുമായി സോഷ്യൽമീഡിയയിലും സജീവമാണ് സൂരജ്. സീരിയലിന് ശേഷം ഏതാനും സിനിമകളിലും അഭിനയിച്ച സൂരജിന്റെ അച്ഛൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇപ്പോഴിതാ അച്ഛന്റെ അവസാന നാളുകളെ കുറിച്ചുള്ള കുറിച്ച് പങ്കിട്ടിരിക്കുകയാണ് സൂരജ് സൺ. "സ്വന്തം കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ച അച്ഛനെ, അദ്ദേഹത്തിന്റെ ബലഹീനമായ നാളുകളിൽ കൈപിടിച്ച് നടത്തുക എന്നതാണ് മകന്റെ യഥാർത്ഥ ഉത്തരവാദിത്തം. അച്ഛൻ സമ്പാദിച്ചത് സ്വത്തുക്കൾ മാത്രമല്ല; മക്കൾക്കായി ത്യാഗങ്ങൾ നിറഞ്ഞ ഒരു ജീവിതമാണ്. ആ ത്യാഗങ്ങൾക്ക് മകൻ നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലം സ്നേഹവും സാന്നിധ്യവുമാണ്. ജീവിതത്തിന്റെ അവസാന യാത്രയിൽ അച്ഛൻ ആഗ്രഹിക്കുന്നത് വലിയ സമ്പത്തോ പ്രശസ്തിയോ അല്ല; തന്റെ മക്കൾ അരികിലുണ്ടെന്ന ഉറപ്പാണ്", എന്നായിരുന്നു സൂരജ് സണ്ണിന്റെ വാക്കുകൾ. ഒപ്പം അച്ഛനൊപ്പം ശബരിമലയിൽ അടക്കം പോയതിന്റെ ഓർമ വീഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.
"അച്ഛാ… ജീവിതത്തിൽ ഞാൻ തോറ്റ ദിവസങ്ങളിലും ‘നിനക്ക് കഴിയും’ എന്ന് അശ്വസിപ്പിച്ച ഒരാൾ അച്ഛൻ ആയിരുന്നു… ഞാൻ ജയിച്ചപ്പോൾ, എന്നെക്കാൾ കൂടുതൽ അഭിമാനത്തോടെ നിന്ന മനുഷ്യൻ… എത്ര വളർന്നാലും അച്ഛൻ്റെ കണ്ണിൽ ഞാൻ കുഞ്ഞ് തന്നെയായിരുന്നു… ഇന്ന് നിങ്ങളില്ലാത്ത ലോകത്ത് ജീവിക്കുകയാണ്… പക്ഷേ മനസ് ഇന്നും അച്ഛനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു…", എന്നായിരുന്നു അച്ഛന്റെ മരിച്ച വേളയിൽ സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.



