പൗർണമി തിങ്കൾ സീരിയലിലൂടെ പ്രശസ്തയായ ഗൗരി കൃഷ്ണൻ, ആ സീരിയലിന്റെ സംവിധായകൻ മനോജിനെയാണ് വിവാഹം ചെയ്തത്
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിവാഹ വിശേഷങ്ങളെല്ലാം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
എന്നാൽ തുടക്കത്തിൽ തനിക്ക് മനോജിനെ ഇഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് ഗൗരി. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം. ''മനോജേട്ടനെ ആദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല. ആദ്യ ദിവസം ഞാൻ ചെന്നപ്പോൾ മനോജേട്ടൻ സെറ്റിലുണ്ടായിരുന്നില്ല. അസോസിയേറ്റാണ് എടുക്കുന്നത്. രാത്രി ഏഴരയൊക്കെ ആയപ്പോൾ ഒരാൾ കാറിൽ വന്ന് ഇറങ്ങി. മനോജേട്ടനായിരുന്നു. പുള്ളി സ്റ്റെപ്പ് കയറി വരുന്നു, ഞാൻ സ്റ്റെപ്പിൽ നിൽക്കുന്നു. ഞങ്ങൾ രണ്ടുപേരും ഇതാരാ എന്നുള്ള രീതിയിൽ നോക്കി. ഇത് ആരാ ഇത്, ഏതവനാ ഈ ജാഡ എന്നൊക്കെ എന്റെ മനസിലൂടെ പോകുന്നുണ്ട്. പുള്ളി ചിരിക്കുന്ന കൂട്ടത്തിലല്ല. എന്നെ കണ്ടിട്ട് ചിരിക്കാതെ പോയ ഒരേയൊരു മനുഷ്യനാണ്.
ഞാൻ സെറ്റിൽ അധികം ആരോടും സംസാരിക്കാറില്ല. പുള്ളിയും എന്നെ മൈന്റ് ചെയ്യാറില്ലായിരുന്നു. ഷോട്ടിന് വിളിച്ചാൽ കൃത്യസമയത്ത് ചെല്ലുന്നയാളാണ് ഞാൻ. ഒരു ദിവസം പെട്ടന്ന് മനോജേട്ടൻ എന്റെ റൂമിലേക്ക് കയറി വന്ന് നീ ഇവിടെ എന്ത് എടുത്തുകൊണ്ട് ഇരിക്കുകയാടീ എന്ന് ചോദിച്ച് രണ്ട് ചാട്ടം. ഞാൻ ഷോട്ടിന് ചെന്നില്ലെന്നതായിരുന്നു പ്രശ്നം. എന്നെ ആരും വിളിച്ചില്ല. ഞാൻ അറിഞ്ഞില്ല. അതാണ് പോകാതിരുന്നത്. പക്ഷേ അറിഞ്ഞിട്ടും ഞാൻ പോയില്ലെന്നാണ് മനോജേട്ടൻ കരുതിയത്. അത് എനിക്ക് ഭയങ്കരമായി ഫീൽ ചെയ്തു. പൊസിഷനിൽ നിൽക്കാൻ പറഞ്ഞപ്പോൾ, എനിക്ക് സൗകര്യമില്ല, താൻ ആരാണ് പറയാൻ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. പിന്നെ ഒരു അരമണിക്കൂർ അടിയായിരുന്നു. എന്നെ എടുത്ത് കിണറ്റിലിടും എന്ന് വരെ പറഞ്ഞു. അവസാനം പ്രൊഡ്യൂസർ വരെ ഇടപെട്ടു. ഒരു വർഷത്തോളം ഞങ്ങൾ പരസ്പരം മിണ്ടിയില്ല. ഒരിക്കൽ പുള്ളിക്ക് ഒരാളുടെ നമ്പർ വേണമായിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങി പ്രണയമാവുകയായിരുന്നു'', ഗൗരി കൃഷ്ണൻ പറഞ്ഞു.



