'ഭാര്യ' എന്ന ടെലിവിഷൻ പരമ്പരയിലൂടെ സുപരിചിതയായ നടി ലിന്റു റോണി, ഒൻപതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകൻ ലെവിയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചു. ആശംസകൾക്കും സ്നേഹത്തിനും സമ്മാനങ്ങൾക്കും എല്ലാവർക്കും ഹൃദയംഗമമായി നന്ദി അറിയിക്കുകയും ചെയ്തു.

ടെലിവിഷൻ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ലിന്‍റു റോണി. ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പര 'ഭാര്യ'യില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലിന്‍റു മലയാളി ടെലിവിഷൻ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരെ നേടിയത്. എന്ന് സ്വന്തം കൂട്ടുകാരി, കായംകുളം കൊച്ചുണ്ണിയുടെ കൊച്ചുമകന്‍, തുടങ്ങി മറ്റു പല ടെലിവിഷന്‍ സീരിയലുകളിലും ലിന്റു അഭിനയിച്ചിട്ടുണ്ട്. വാടാമല്ലി, ഏഴാം സൂര്യന്‍, ചങ്ക്‌സ്, ആദം ജോണ്‍ എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

2014ലാണ് ലിന്റു, റോണിയെ വിവാഹം ചെയ്തത്. കുടുംബസമേതം യു കെയിലാണ് ലിന്റു താമസമാക്കിയിട്ടുള്ളത്. വിവാഹശേഷം സ്ക്രീനില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. കുഞ്ഞിൻറെ ജനനത്തെ കുറിച്ചും ആ സന്തോഷത്തെ കുറിച്ചുമെല്ലാം നേരത്തെ ലിന്റു ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുമെല്ലാം സംസാരിച്ചിരുന്നു. മകന്റെ മൂന്നാം ജൻമദിനത്തെക്കുറിച്ചാണ് ലിന്റുവിന്റെ പുതിയ പോസ്റ്റ്. ഒൻപതു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് മകൻ ജനിച്ചത്.

''അവന് 3 വയസായി എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല... ഏറ്റവും ഒടുവിലെടുത്ത ഈ ചിത്രം എപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും. എന്റെ കുഞ്ഞുമോന്‍ ഇത്ര പെട്ടെന്ന് വളരുകയാണെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ജന്മദിനത്തിലെ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇത്രയും വൈകിയത്. അവന്‍ എത്ര വലുതായാലും, എനിക്ക് എപ്പോഴും എന്റെ ആ ചെറിയ കുഞ്ഞ് തന്നെയായിരിക്കും. ലെവിക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും, ആശംസകള്‍ക്കും, സമ്മാനങ്ങള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി. ഇപ്പോഴും ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതില്‍ ഞങ്ങള്‍ ശരിക്കും നന്ദിയുള്ളവരാണ്'', എന്നാണ് മകനും ഭർത്താവിനും ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ലിന്റു കുറിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming