രേഖ രതീഷ് ബിഗ് ബോസിലുണ്ടാകുമോ?.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പരസ്പരം സീരിയലിലെ പത്മാവതി എന്ന കഥാപാത്രം ആണ് രേഖയെ കൂടുതൽ ജനപ്രിയയാക്കിയത്. നിറക്കൂട്ട്, കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, മഞ്ഞിൽ വിരിഞ്ഞ പൂവ്, സസ്നേഹം, പൂക്കാലം വരവായ് തുടങ്ങിയ സീരിയലുകളിലെല്ലാം താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും പിന്നീട് കരിയറിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ രേഖയും ഉണ്ടാകും എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് താരം.

''ഞാൻ ബിഗ്ബോസിലേക്ക് ഇല്ല. എല്ലാ സീസണിലും സാധ്യതയുള്ളവരുടെ പട്ടികയിൽ എന്റെ പേരു കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്. ആദ്യ സീസണുകളിലേക്ക് എന്നെ വിളിച്ചിരുന്നു, പക്ഷേ അതിനു ശേഷം വിളിച്ചിട്ടില്ല. എനിക്ക് ആ ഷോ ഇഷ്ടമാണ്. അതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന അപ്ഡേറ്റുകൾ ഫോളോ ചെയ്യാറുമുണ്ട്. പക്ഷേ ബിഗ്ബോസിൽ മൽസരിക്കാൻ ഞാനില്ല'', രേഖ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

അതേസമയം, ബിഗ്ബോസ് മലയാളം സീസൺ 7 തുടങ്ങാൻ പോകുന്നുവെന്ന് അറിഞ്ഞത് മുതൽ ഫാൻ പേജുകൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്ന അഭ്യൂഹങ്ങളും സജീവമായിക്കഴിഞ്ഞു. സിനിമ, സീരിയൽ, കായികം, സംഗീതം, സോഷ്യൽ മീഡിയ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ട്. ഇക്കഴിഞ്ഞ മെയ് 21ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7 വരുന്നുവെന്ന് ഏഷ്യാനെറ്റ് ഔദ്യോഗികമായി അറിയിച്ചത്. ഒപ്പം പുതിയ ലോഗോയും അവതരിപ്പിച്ചിരുന്നു. മോഹൻലാൽ ആണ് ഇത്തവണയും അവതാരകനായി എത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക