നടി അഞ്ജു അരവിന്ദിന് 50-ാം പിറന്നാളിന് നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ സർപ്രൈസ് താരത്തെ സന്തോഷം കൊണ്ട് കരയിപ്പിച്ചു.
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സീരിയലുകളിലും സജീവമായി. സ്വന്തമായി ഒരു നൃത്തവിദ്യാലയവും അഞ്ജു നടത്തുന്നുണ്ട്. 50-ാം പിറന്നാളിന് തന്റെ വിദ്യാർത്ഥികൾ തന്ന സർപ്രൈസിനെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജു ഇപ്പോൾ
''ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കേട്ടോ, സന്തോഷം കൊണ്ട്. സത്യത്തിൽ ഒരു കേക്ക് കട്ട് ചെയ്യാനോ, ഒന്ന് മനസറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷേ എന്റെ മക്കൾ ഒരു സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. സത്യത്തില്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള ടീച്ചറാണ് ഞാൻ. പഠിപ്പിച്ച രീതിയിൽ ഡാൻസ് ചെയ്യാതിരുന്നാലോ ക്ലാസിൽ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലോണം വഴക്കു പറയാറുണ്ട്. നാലഞ്ച് വർഷം മുമ്പ് പതിനാല് വയസുള്ള എന്റെ വിദ്യാർഥിയെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള ഒരു കുട്ടി... ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിനു വന്നത്. ഇടയ്ക്ക് ക്ലാസിൽ വരികയുമില്ല. ഒരു ദിവസം കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ കോൾ വന്നു. കുട്ടിയെ വഴക്കു പറഞ്ഞതിന് പരാതി. ന്യൂ ജനറേഷന്‍ കുട്ടികളെ സ്ട്രിക്ട് ആയി പഠിപ്പിക്കാൻ കഴിയില്ല, എന്റെ രീതികൾ മാറ്റുന്നതാണ് നല്ലത് എന്നാണ് അവർ പറഞ്ഞത്. ഏതു ജനറേഷൻ ആയാലും ഡിസിപ്ലിൻ ഉണ്ടാകണം എന്ന് ഞാൻ മറുപടി പറഞ്ഞു.
ഇപ്പോൾ ഈ സംഭവം പറയാൻ ഒരു കാരണമുണ്ട്. ഈ പിറന്നാൾ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ, പിറന്നാൾ ആഘോഷിക്കാൻ അവരെടുത്ത എഫേർട്ട് കണ്ടപ്പോൾ ഒരു കാര്യം മനസിലായി. നമ്മൾ ആത്മാർഥമായാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ, അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും അവർ തിരിച്ചറിയും, അത് ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും...'', ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അഞ്ജു അരവിന്ദ് പറഞ്ഞു.



