സീരിയല്‍ നടിയും ബിഗ് ബോസ് മുന്‍ താരവും
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായികാ കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഭർത്താവ് ആൽബിയും താനും പിരിഞ്ഞാണ് താമസിക്കുന്നത് എന്ന വാർത്തകളോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് അപ്സര അടുത്തിടെ രംഗത്തെത്തിയിരുന്നു. തന്റെ വളരെ പേഴ്സണലായൊരു കാര്യം, ഉണ്ടെങ്കിലും ഇല്ലെങ്കിലും, വെളിപ്പെടുത്താന്‍ ഞാന്‍ താല്‍പര്യപ്പെടാത്തോളം കാലം അതില്‍ മീഡിയയ്ക്ക് കയറി ഇടപെടാന്‍ അവകാശമില്ലെന്നായിരുന്നു താരം പറഞ്ഞത്. പുതിയ അഭിമുഖത്തിലും ഇതേക്കുറിച്ച് താരം വിശദീകരിക്കുന്നുണ്ട്.
''എന്റെ വ്യക്തിജീവിതത്തിലെ നല്ല കാര്യങ്ങൾ പുറത്തു കാണിക്കാനാണ് ഇഷ്ടം. ഞാൻ പറയുന്നത് മാത്രം നിങ്ങൾ അറിഞ്ഞാൽ മതി. അല്ലാതെ ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഊഹിച്ച് പറയരുത്. എനിക്കുമുണ്ട് ഒരു കുടുംബം. എന്നെക്കുറിച്ചുള്ള ഒരു വ്യാജവാർത്ത കണ്ട് ഒരാഴ്ച ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റിട്ടില്ല. വെഡ്ഡിങ്ങ് റിംഗ് കയ്യിൽ കാണാത്തതുകൊണ്ട് ഞാൻ ഡിവോഴ്സ് ആയി എന്നു പറഞ്ഞു പരത്തിയവരുണ്ട്. എന്റെ കൈയുടെ ക്ലോസ് അപ്പ് ഷോട്ട് എടുത്ത് തംപ്നെയിൽ ആക്കിയാണ് ഇതൊക്കെ ചെയ്യുന്നത്.
ഒരു ചാനൽ ഉണ്ട്. ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് അവർ പറയുന്നത്. എന്നെങ്കിലും നേരിട്ട് കണ്ടാൽ നിങ്ങൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കണം. റീച്ച് ആയിരിക്കാം ഉദ്ദേശിക്കുന്നത്. അങ്ങനെ റീച്ച് വേണമെങ്കിൽ അവരുടെ തന്നെ എന്തെങ്കിലും മോശം വശം പറഞ്ഞ് റീച്ച് ഉണ്ടാക്കിക്കൂടേ? മറ്റൊരാളുടെ ഇമോഷൻ വിറ്റ് റീച്ച് ഉണ്ടാക്കണോ? കാരണം, ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്കു മാത്രമേ മനസിലാകൂ. അഭിപ്രായം പറയാം. പക്ഷേ ഇതാണ് സത്യം എന്നു പറയുന്നതാണ് പ്രശ്നം'', വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.

