രേണു ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം എന്നായിരുന്നു റോബിന്റെ ചോദ്യം.

രേണു സുധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടി. ഭർത്താവും ബിഗ് ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. രേണുവിനെ ഒരു ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് താത്പര്യമുണ്ടെന്നായിരുന്നു ആരതി പൊടിയുടെ പ്രതികരണം. പൊടി ഒരു കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് എന്തായാലും രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കുമെന്ന് റോബിനും പറഞ്ഞു.

''രേണു സുധിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത്രയും ബോഡി ഷെയ്മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നമുക്ക് ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. നമ്മുടെ ഇഷ്ടമാണ് വലുത്. നല്ല വസ്ത്രങ്ങൾ ധരിക്കാനും നന്നായി ഒരുങ്ങി നടക്കാനുമൊക്കെ ഇഷ്ടമുള്ളയാളാണ് ഞാനും. അതുപോലെയായിരിക്കില്ലേ അവരും. വേറെയും പല ജോലികൾ കിട്ടിയിട്ടും രേണു അതിനൊന്നും പോകാതെ മോഡലിങ് ചെയ്യുന്നുവെന്നൊക്കെ പലയിടത്തും കണ്ടു. അവർക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. രേണുവിനെ ഒരു ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒന്നും ചെയ്യാതെയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നത്. അങ്ങനെയുള്ള എല്ലാവരോടും എനിക്ക് ബഹുമാനുണ്ട്. വിഷമമുണ്ടെന്ന് കരുതി എപ്പോഴും വിഷമിച്ച് നടക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യങ്ങളും പുറത്ത് പറഞ്ഞ് നടക്കാനും കഴിയില്ല'', എന്ന് ആരതി പൊടി പറ‍ഞ്ഞു.

രേണു ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം എന്നായിരുന്നു റോബിന്റെ ചോദ്യം. ''പുള്ളിക്കാരിക്ക് ഇനിയും ജീവിതമുണ്ട്. അവർക്ക് ഭർത്താവിന്റെ മരണത്തിൽ വിഷമമില്ലെന്ന് ആര് പറഞ്ഞു. തീർച്ചയായും അവർക്ക് വിഷമം കാണും. ഒന്നും ചെയ്യാതെ ഇരുന്ന് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ആളുകളാണ് മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി ഇത്തരത്തിൽ നെഗറ്റീവ് ആയി കമന്റ് ചെയ്യുന്നത്'', എന്ന് റോബിൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..