എൻഗേജ്മെന്റ് ദിവസം സിബിനൊപ്പമുള്ള നൃത്ത വീഡിയോ ആര്യ പങ്കുവെച്ചു. പ്രിയപ്പെട്ടവരുടെ നിർബന്ധപ്രകാരം പെട്ടെന്നു ചെയ്ത നൃത്തമായിരുന്നുവെന്നും പാട്ട് തിരഞ്ഞെടുത്തത് സിബിൻ ആണെന്നും ആര്യ പറഞ്ഞു.

കൊച്ചി: എൻഗേജ്മെന്റ് ദിവസം സിബിനുമൊന്നിച്ചു ചെയ്ത നൃത്ത വീഡിയോ പങ്കുവെച്ച് ആര്യ ബഡായ്. പ്രിയപ്പെട്ടവരുടെ നിർബന്ധപ്രകാരം പെട്ടെന്നു ചെയ്ത ഒരു നൃത്തമായിരുന്നു അതെന്നും പാട്ട് തിരഞ്ഞെടുത്തത് സിബിൻ ആണെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ 'മുല്ലേ മുല്ലേ...' എന്ന പാട്ടിനാണ് ഇരുവരും നൃത്തം ചെയ്തത്.

''ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ നിർബന്ധം ഒന്നു കൊണ്ടു മാത്രം എൻഗേജ്മെന്റ് ദിനത്തിൽ ഒട്ടും പ്ലാൻ ചെയ്യാതെ കളിച്ച ഡാൻസ് ആണിത്. ഇത് പെർപെക്ട് അല്ലന്നറിയാം, തെറ്റുകളുണ്ട്. പക്ഷേ, ഞങ്ങൾ ഒന്നിച്ചുള്ള ആദ്യത്തെ നൃത്തം ആണിത്. ഈ പാട്ടു തിരഞ്ഞെടുത്തത് എന്റെ പ്രിയപ്പെട്ടവൻ തന്നെയാണ്. അവൻ മുന്നിൽ നിന്നു നയിച്ചു, ഞാൻ ആ ഒഴുക്കിനൊപ്പം പോയി. എനിക്ക് ഒരു പെർഫക്ട് ലൈഫ് പാർട്ണറെ മാത്രമല്ല, ജീവിതാവസാനം വരെ കൂടെ നിൽക്കുന്ന ഒരു ഡാൻസ് പാർട്ണറെ കൂടിയാണ് കിട്ടിയിരിക്കുന്നത്'', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി പേരാണ് ആര്യയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''ഈ ചിരി എന്നും ഇങ്ങനെ മായാതെ നിൽക്കട്ടെ'' എന്നൊരാൾ കുറിച്ചപ്പോൾ ഈ ''വീഡിയോ കണ്ട് കണ്ണു നിറഞ്ഞു'' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

View post on Instagram

അതേസമയം, വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. വിവാഹം ഈ ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ അടുത്തിടെ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. വിവാഹം കഴിച്ചോട്ടെ എന്ന് ആദ്യം ചോദിച്ചത് സിബിൻ ആണെന്നു് മകളോട് ഇക്കാര്യം ആദ്യം സംസാരിച്ചതും സിബിൻ തന്നെയായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.