"ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ"

മകളുടെ ജൻമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സിനിമാ-ടെലിവിഷൻ താരം ആര്യ ബഡായ്. ആര്യയുടെ മകൾ ഖുഷിയുടെ 13-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. ആദ്യത്തെ മകൾക്ക് 13 ഉം രണ്ടാമത്തെ മകൾക്ക് രണ്ടും വയസായെന്നാണ് ആര്യ കുറിച്ചത്. ആദ്യത്തെ മകള്‍ ഖുഷിയാണെങ്കില്‍ രണ്ടാമത്തെ കുഞ്ഞായി ആര്യ കാണുന്നത് തന്റെ കാഞ്ചീവരം എന്ന ബിസിനസ് സംരംഭമാണ്. കാഞ്ചീവരം കൊച്ചി എഡിഷന്റെ രണ്ടാം വാര്‍ഷികം കൂടെയായിരുന്നു ഇന്നലെ.

''എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഫെബ്രുവരി 18. എന്റെ കുഞ്ഞ് 13-ാം വയസിലേക്ക് കടക്കുമ്പോള്‍ എനിക്ക് ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി. ഇപ്പോള്‍ എന്റെയുള്ളില്‍ ഒരുപാട് വികാരങ്ങൾ നിറയുകയാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടുള്ള 13 വര്‍ഷത്തെ എന്റെ യാത്രയ്‌ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇന്‍ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന് രണ്ട് വര്‍ഷവും തികയുന്നു.

ഈ യാത്രയില്‍ എന്റെ മനസ് നിറച്ച ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ ഈ ജീവിതത്തില്‍ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. എന്റെ മകള്‍ക്ക് ഞാന്‍ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാന്‍ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആ ആളുകള്‍ എന്റെ പോരായ്മകൾ അംഗീകരിക്കുകയും, ഉയരേക്കു പറക്കാന്‍ എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്തു. സംരംഭക എന്ന നിലയിലുള്ള എന്റെ പുതിയ തുടക്കവും, മാതൃത്വത്തിലെ പുതിയ യാത്രയുടെ തുടക്കവുമാണ് ഇന്ന് (ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു ടീനേജ് കാലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരത്തിനും ആശംസകള്‍. ഈ ദിവസത്തിന് എന്നന്നേക്കും നന്ദി''.

ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; 'ചെമ്പനീര്‍ പൂവ്' 350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം