പാപ്പരാസികള്‍ക്കെതിരെ നടൻ സാബുമോൻ രംഗത്ത്.

അവതാരകന്‍, അഭിനേതാവ്, നിര്‍മാതാവ്‌ എന്നീ നിലകളിലെല്ലാം പ്രശസ്‍തനാണ് സാബുമോന്‍ അബ്ദുസമദ്. തരികിട എന്ന പരിപാടിയിലൂടെയാണ് താരം ടെലിവിഷന്‍ രംഗത്ത് പ്രശസ്തനാവുന്നത്. 2018ലെ ബിഗ്ബോസ് മലയാളത്തിലെ വിജയി കൂടിയാണ് സാബുമോന്‍. ഇപ്പോളിതാ മൊബൈല്‍ ക്യാമറയുമായി സെലിബ്രിറ്റികളെ പിന്തുടർന്ന് വീഡിയോകളെടുക്കുന്ന യൂട്യൂബര്‍മാർക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം. സംഭവത്തിന്റെ വീഡിയോയും ഇതിനകം സോഷ്യലിടങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

തന്റെ വീഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിക്കുകയാണ് സാബുമോൻ ചെയ്തത്. ഇതോടെ, യൂട്യൂബർമാരിൽ പലരും മുഖം പൊത്തുന്നതും മാറിപ്പോകുന്നതും വീഡിയോയിൽ കാണാം. ചിലർ ഒരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ പകർത്തുന്നത് തുടരുന്നുമുണ്ട്.

''ഞങ്ങള്‍ സെലിബ്രിറ്റികള്‍ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്'' എന്നായിരുന്നു വീഡിയോ പകർത്താനെത്തിയ ഒരാളുടെ ചോദ്യം. ''നിങ്ങള്‍ പാപ്പരാസികള്‍ അല്ലേ... അപ്പോള്‍ നിങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്താം'', എന്നായിരുന്നു സാബുമോന്റെ മറുപടി. നിരവധി പേരാണ് വീഡിയോയ്ക്ക് പിന്നാലെ സാബുമോനെ പിന്തുണച്ച് കമന്റ് ചെയ്യുന്നത്. ഇത്തരം ആളുകളുടെ പ്രവൃത്തികൾ പലപ്പോഴും അതിരുവിടാറുണ്ടെന്നും ഇവർക്കെതിരെ ഇത്തരത്തിലൊരു പ്രതികരണം ആവശ്യമായിരുന്നു എന്നുമാണ് കമന്റുകൾ.

വീഡിയോയ്ക്കൊപ്പം സാബുമോൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ''കൈയ്യിലുള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ, ഫോൺ ഒരെണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വക്കിലേക്ക് ഓടി തള്ളുന്നു'.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക