തന്‍റെ വസ്ത്രധാരണത്തെ വിമർശിച്ച് മോശം കമന്റിട്ടയാൾക്ക് പ്രൊഫൈൽ സഹിതം വെളിപ്പെടുത്തിക്കൊണ്ട് കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി ബിന്നി സെബാസ്റ്റ്യൻ.
തന്റെ വസ്ത്രധാരണത്തെ വിമർശിച്ച് മോശം കമന്റിട്ടയാൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി നടിയും ബിഗ്ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യൻ. കമന്റ് ഇട്ടയാളുടെ പ്രൊഫൈൽ സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് ബിന്നിയുടെ മറുപടി.
''ഈ വീഡിയോ ചില നെഗറ്റീവ് കമന്റോളജിസ്റ്റുകൾക്ക് വേണ്ടി മാത്രമുള്ളതാണ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയപ്പോൾ ഞാൻ ധരിച്ചിരുന്ന സാറ്റിൻ ഫുൾ ലെങ്ത് സ്കർട്ടിനെയും ക്രോപ്പ് ടോപ്പിനെയും പരിഹസിച്ച ഒരു ചേട്ടനെ എനിക്ക് കാണിച്ചുതരാനുണ്ട്. സ്ത്രീകൾ സാരി മാത്രമേ ഉടുക്കാവൂ എന്നും, അതും നിങ്ങൾ ചിന്തിച്ചു വച്ചിരിക്കുന്ന വൃദ്ധകളെപ്പോലെ ഉടുത്താൽ മാത്രമേ അത് വസ്ത്രമാകൂ എന്നും, മറ്റുള്ളവർക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ഇല്ലെന്നും കരുതി ആ ആശയത്തിൽ മുറുകെപ്പിടിച്ച് ചാവാൻ നിൽക്കുന്ന കുറെ പേരുണ്ട്. 'സാരി ഷോപ്പ് തുടങ്ങിയിട്ട് അടിപ്പാവാട ഇട്ടാണോ നടക്കുന്നത്' എന്നാണ് ആ ചേട്ടൻ കമന്റ് ചെയ്തിരിക്കുന്നത്. സത്യത്തിൽ അടിപ്പാവാട ഇട്ടു നടക്കുന്നത് അത്ര മോശമാണോ ചേട്ടാ, അത് ഇടാതെ നടക്കുന്നതല്ലേ മോശം? ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്.
ആധുനികമായ സാറ്റിൻ സ്കർട്ട് എന്താണെന്നും അടിപ്പാവാട എന്താണെന്നും അറിയാത്ത അറിവില്ലായ്മ ഞാൻ ക്ഷമിക്കുന്നു, പക്ഷേ എന്റെ അടിപ്പാവാടയെപ്പറ്റി നോക്കി നടക്കുന്നത് ചേട്ടന്റെ ഭാര്യ അറിഞ്ഞാൽ അത് മോശമല്ലേ? ഇങ്ങനെയൊക്കെ കമന്റ് ഇടുന്ന ചേട്ടന് രണ്ട് പെൺകുട്ടികളുണ്ട്, അവർ നാളെ വളർന്നു വരേണ്ടവരാണ്. ഒരു പത്തോ ഇരുപത്തഞ്ചോ കൊല്ലം കഴിഞ്ഞ് തലമുറകൾ മാറുമ്പോഴും ആ കുട്ടികൾ ചേട്ടൻ പറയുന്നതുപോലെ സാരി മാത്രം ഉടുത്തു നടക്കണം, സ്കർട്ട് ഇടാൻ പാടില്ല എന്നൊക്കെ പറയുന്നത് കഷ്ടമാണ്. ശരിക്കും ഇത് ഇടാതെ പോകുന്നതാണ് മോശം. വേറൊരാളുടെ ഭാര്യയുടെയോ സ്ത്രീകളുടെയോ അടിപ്പാവാടയുടെ കാര്യം അന്വേഷിക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേർന്ന പണിയാണോ എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ബോഡികോൺ ഡ്രസ്സുകളെക്കുറിച്ച് വലിയ ധാരണയില്ലാത്തവരാണ് ഇത്തരം നെഗറ്റിവ് കമന്റുകൾ ചെയ്യുന്നത്, അവർക്ക് ഇതുപോലെയുള്ള മറുപടി തന്നെയാണ് അർഹിക്കുന്നത്'', ബിന്നി വീഡിയോയിൽ പറഞ്ഞു.

