ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
സച്ചിയോടും രേവതിയോടും വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞിരിക്കുകയാണ് ചന്ദ്ര. താലിമാറ്റൽ ചടങ്ങിനിടെ നടന്ന കാര്യങ്ങൾ ഓർത്ത് തനിയ്ക്ക് നാണക്കേട് ആണെന്നും അതുകൊണ്ട് ഉടനെ വീട്ടിൽ നിന്ന് ഇറങ്ങണമെന്നും ചന്ദ്ര അവരോട് പറഞ്ഞു. അങ്ങനെയെങ്കിൽ സച്ചിയുടെയും രേവതിയുടെയും കൂടെ താനും ഇറങ്ങുമെന്ന് അച്ഛൻ രവി ചന്ദ്രയോട് പറഞ്ഞു. രവി വീട്ടിൽ നിന്നറങ്ങുമെന്ന് പറഞ്ഞതോടെ ചന്ദ്രയുടെ മനസ്സ് മാറുകയും സച്ചിയോടും രേവതിയോടും വീട് വിട്ട് പോകേണ്ടെന്ന് ചന്ദ്ര പറയുകയും ചെയ്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
താലി മാറ്റൽ ചടങ്ങിനിടെ സച്ചി ഉണ്ടാക്കിയ വിഷയങ്ങൾ കാരണം ശ്രുതിയുടെ അച്ഛൻ വരാത്തതിനെ പറ്റി ആരും അങ്ങനെ ചോദിച്ചില്ല. ഇക്കാര്യത്തെപ്പറ്റി ശ്രുതിയോട് സംസാരിക്കുകയായിരുന്നു മീര. തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടെന്നും എന്നാൽ ഇനി ചോദ്യം വന്നാൽ പിടിച്ച് നിൽക്കാൻ മറ്റൊരു കള്ളം കണ്ടെത്തണമെന്നും മീര ശ്രുതിയ്ക്ക് ഉപദേശം നൽകി. അതേസമയം എല്ലാവർക്കുമുള്ള ഭക്ഷണം തയ്യാറാക്കിയ ശേഷം ഭക്ഷണം കഴിക്കാൻ ശ്രുതിയെ വിളിക്കാൻ വന്നിരിക്കുകയാണ് രേവതി. ഉടനെ മീരയോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ശ്രുതി ഫോൺ വെച്ചു.
ഡൈനിങ് ടേബിളിൽ സുധി നേരത്തെ തന്നെ ഹാജരായിട്ടുണ്ട്. സച്ചിയും എത്തി, ശ്രുതിയും എത്തി. അച്ഛനെയും അമ്മയെയും ഭക്ഷണം കഴിക്കാൻ രേവതി വിളിച്ചെങ്കിലും അച്ഛൻ മാത്രമാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. തനിയ്ക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് വാശിപിടിച്ചിരുന്ന ചന്ദ്രയെ നിർബന്ധിച്ചാണ് രവി ഭക്ഷണം കഴിക്കാൻ കൊണ്ടിരുത്തിയത്. ഭക്ഷണം കഴിക്കാനാണ് വന്നിരുന്നതെങ്കിലും ചന്ദ്ര വാ തുറന്നത് സച്ചിയേ കുറ്റപ്പെടുത്താൻ ആയിരുന്നു. അതിനിടയ്ക്ക് എപ്പോഴോ ശ്രുതിയുടെ അച്ഛൻ പരിപാടിക്ക് വരാമെന്ന് പറഞ്ഞതും, പക്ഷെ വന്നില്ലെന്നും ചന്ദ്ര ഓർത്തു. അക്കാര്യത്തെ പറ്റി ചന്ദ്ര ശ്രുതിയോട് ചോദിച്ചു. എന്റെ പൊന്നോ ...ശ്രുതി പെട്ടു. അച്ഛൻ വന്നെന്നോ ഇല്ലെന്നോ പറഞ്ഞാൽ ഇവർ വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിയ ശ്രുതി എന്ത് കള്ളം പറയുമെന്ന് ആലോചിച്ചു.
തലയിൽ ഒരു കുരുട്ട് ബുദ്ധിയും വർക്ക് ആവാതിരുന്നപ്പോൾ ഛർദിക്കാൻ വരുന്നപോലെ കാണിച്ച് ശ്രുതി ആ സീൻ സ്കിപ് ചെയ്യാൻ നോക്കി. ശ്രുതി രക്ഷപ്പെട്ടെന്ന് കരുതി , എന്നാൽ ഇപ്പോഴാണ് അവൾ ശെരിക്കും പെട്ടത്. ശ്രുതി ഛർദിച്ചതോടെ അവൾക്ക് ഗർഭമാണെന്ന് ചന്ദ്ര വിധിയെഴുതി. ഉടൻ തന്നെ രേവതിയോട് പോയി പഞ്ചസ എടുത്ത് വരാൻ ചന്ദ്ര പറഞ്ഞു. സുധിയ്ക്കും ശ്രുതിക്കും ചന്ദ്ര മധുരം നൽകി ആഘോഷം തുടങ്ങി. എന്നാൽ പണി പാളിയ ഞെട്ടലിൽ നിൽക്കുന്ന ശ്രുതിയെയും ഇതിപ്പോ സംഭവിച്ചു എന്നോർത്ത് നിൽക്കുന്ന സുധിയേയും കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


