വിവാഹ വിരുന്നിനെ കുറിച്ച് ഡയാന.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോൾ വിവാഹത്തത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഡയാനയും അമീനും. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
''നിക്കാഹ് കഴിഞ്ഞു, ഇനി നടക്കാൻ പോകുന്നത് റിസപ്‌ഷൻ ആണ്, അത് അമീന്റെ നാടായ എടപ്പാളിൽ വെച്ചായിരിക്കും. അധികം വൈകാതെ ഉണ്ടാകും. വലിയ ചടങ്ങൊന്നും ഇല്ലെങ്കിലും എല്ലാവരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കും. നിക്കാഹ് വളരെ പെട്ടെന്നായിരുന്നു. അതിനാൽത്തന്നെ എല്ലാവർക്കും പങ്കെടുക്കാൻ പറ്റിയില്ല. നിക്കാഹിന് പങ്കെടുക്കാനാകാത്ത എല്ലാവരെയും റിസപ്ഷന് വിളിക്കണം എന്നാണ് ആഗ്രഹം. റിസപ്ഷൻ കൂടി കഴിഞ്ഞാകും അമീന്റെ വീട്ടിലേക്കും നാട്ടിലേക്കും എന്നെ കൊണ്ടുപോകുക. ഇതുവരെ പോയിട്ടില്ല. അമീൻ വീട്ടിൽ പോയിട്ട് വരുമ്പോൾ ഉമ്മച്ചി ഉണ്ടാക്കിയ ബിരിയാണിയൊക്കെ കൊണ്ടുവരാറുണ്ട്'', ഡയാന പറഞ്ഞു.
വിദേശത്തുള്ള തന്റെ സഹോദരൻ ലീവിനു വരുന്നതനുസരിച്ചാണ് റിസപ്ഷൻ ക്രമീകരിക്കുകയെന്നും അമീൻ പറഞ്ഞു.
സുഹൃത്തും നടിയുമായ ആതിര മാധവാണ് തങ്ങളുടെ വിവാഹത്തിന് മുൻകൈയെടുത്തതെന്നും ഇരുവീട്ടുകാരോടും ആദ്യം സംസാരിച്ചതും അവൾ തന്നെയാണെന്നും വിവാഹശേഷം ഡയാനയും അമീനും വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും ഇരുവരും മനസു തുറന്നു. ''ആതിര മാധവ് വഴിയാണ് ആലോചന വരുന്നത്. ഞങ്ങൾ തമ്മിൽ മാച്ച് മേക്ക് ചെയ്തു നോക്കിയത് ആതിര തന്നെയാണ്. ഞങ്ങളുടെ കോമൺ ഫ്രണ്ട് തന്നെ ആയതുകൊണ്ട് ഞങ്ങളോട് രണ്ടുപേരോടും ഇക്കാര്യം അവൾ പറഞ്ഞു. വീട്ടിൽ അവതരിപ്പിച്ചതും ആതിര തന്നെയാണ്. അമീന്റെയും എന്റെയും വീട്ടിൽ വിവാഹാലോചനകൾ നടക്കുന്ന സമയമായിരുന്നു അത്'', ഡയാന പറഞ്ഞു.


