നടൻ നവാസിന്റെയും രഹ്നയുടെയും വിവാഹ വാർഷിക ദിനത്തിൽ രഹ്ന പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. വർഷങ്ങളായി ചെയ്തുവരുന്നതുപോലെ നവാസിന്റെ ആത്മാവിനെ ഓർത്ത് ഇത്തവണയും തൈ നട്ടുവെന്ന് രഹ്ന കുറിച്ചു.
സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് മരണപ്പെടുന്നത്. നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലരും ഓർക്കുന്നൊരു മുഖമാണ് രഹ്നയുടേതും. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ രഹ്ന പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റാണ് പലരുടെയും ശ്രദ്ധ നേടുന്നത്.
''ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണ്. നവാസ്ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാൻ തൈ നട്ടു, വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല, മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല. ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരൻ അത് heal ആക്കും, പക്ഷെ ആ പാടുകൾ നമ്മുടെ മനസ്സിൽ അങ്ങിനെകിടക്കും. ഞാനും മക്കളും നടുക്കടലിൽ പെട്ട അവസ്ഥയാണ് എത്രനേരം നടുക്കടലിൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന് എനിക്കറിയില്ല. നവാസ്ക്ക പോയി ഇത്രയും നാളായിട്ടും ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല. അത് പടച്ചവൻ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരിൽനിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാൻ ജോലി ചെയ്തേ പറ്റൂ'', എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രഹ്ന കുറിച്ചത്.
2002ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. ഇവർക്ക് മൂന്ന് മക്കളുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രഹ്ന, വർഷങ്ങൾക്കുശേഷം 'ഇഴ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു. ഈ സിനിമയിൽ നവാസിന്റെ നായികയായാണ് രഹ്ന അഭിനയിച്ചത്. ഇപ്പോൾ ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിലും രഹ്ന അഭിനയിക്കുന്നുണ്ട്. കരിയറിൽ സജീവമായി തുടരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത മരണം. 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയിലെത്തിയ നവാസിന് ഹോട്ടൽ മുറിയിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






