വർഷങ്ങളോളം കൂടെയുണ്ടായിരുന്ന ബന്ധങ്ങൾ തകർന്നതിന്റെ മാനസിക ആഘാതം പങ്കുവെച്ച് ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ദിയ സന
വർഷങ്ങളോളം ആത്മാർത്ഥമായി ചേർത്തുപിടിച്ച ബന്ധങ്ങൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ അതുണ്ടാക്കുന്ന മാനസിക പങ്കുവെച്ച് ആക്ടിവിസ്റ്റും ബിഗ് ബോസ് മുൻതാരവുമായ ദിയ സന. ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് എന്താണെന്ന് താൻ ഓരോ ദിവസവും തിരിച്ചറിയുകയാണെന്നും ഇപ്പോൾ ആരെങ്കിലും എന്നെ സ്നേഹിക്കാൻ വരുന്നു എന്ന് അറിയുമ്പോൾ പോലും പേടി തോന്നുന്നു ദിയ സന പറയുന്നു.
ദിയ സനയുടെ കുറിപ്പ്
''ചില ബന്ധങ്ങൾ തകരുമ്പോൾ നമ്മൾ നമ്മളെത്തന്നെ നഷ്ടപ്പെടുത്തും... നമ്മൾ ചില സൗഹൃദങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും നൽകുന്ന വില ഒരുപക്ഷേ അവർക്ക് നമ്മളോട് തിരിച്ചുണ്ടാകണമെന്നില്ല. അവരുടെ സ്നേഹവും കരുതലും പ്രതീക്ഷിച്ച്, സ്വന്തം ജീവിതത്തിലെ പല കാര്യങ്ങളും മാറ്റിവെച്ച് അവർക്കുവേണ്ടി ഇറങ്ങിനിന്നിട്ടുണ്ട്. എന്റെ ആക്ടിവിസ്റ്റ് ജീവിതത്തിലും ആരും ആവശ്യപ്പെടാതെ തന്നെ പലർക്കും വേണ്ടി സഹായിക്കാനും പിന്തുണയ്ക്കാനും പോരാടാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പലപ്പോഴും തിരികെ കിട്ടിയത് അപമാനങ്ങളും വേദനകളും ബന്ധങ്ങളുടെ തകർച്ചകളുമായിരുന്നു.
വർഷങ്ങളോളം ആത്മാർത്ഥമായി ചേർത്തുപിടിച്ച ബന്ധങ്ങൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ അതുണ്ടാക്കുന്ന മാനസിക ആഘാതം ചെറുതല്ല. ഇന്ന് ഞാൻ കടന്നുപോകുന്നതും അത്തരമൊരു അവസ്ഥയിലൂടെയാണ്.പുറത്തുനിന്ന് നോക്കുമ്പോൾ എനിക്ക് ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനും മറ്റുകാര്യങ്ങളിൽ ഏർപ്പെടാനുമൊക്കെ കഴിയുന്നുണ്ട്. പക്ഷേ, തനിച്ചാകുന്ന നിമിഷങ്ങളിൽ, രാത്രിയിൽ ഒറ്റയ്ക്കിരിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും ചില ഓർമ്മകളും ചിന്തകളും എന്നെ വല്ലാതെ വേട്ടയാടുന്നു. അത്രയും അടുത്തിരുന്ന ബന്ധങ്ങൾ തകർന്നതിന്റെ വേദനയാണ് എന്റെ ഏറ്റവും വലിയ പ്രതിസന്ധി.
ഇപ്പോൾ ആരെങ്കിലും എന്നെ സ്നേഹിക്കാൻ വരുന്നു എന്ന് അറിയുമ്പോൾ പോലും പേടി തോന്നുന്നു. ആരെങ്കിലും എന്നെ മനസ്സിലാക്കാമെന്നും എന്റെ കാര്യങ്ങൾ കേൾക്കാമെന്നും പറയുമ്പോൾ പോലും ആ വാക്കുകളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. വീണ്ടും സ്നേഹിച്ചാൽ, വീണ്ടും വിശ്വസിച്ചാൽ, വീണ്ടും ഇതേ വേദനയിലൂടെ കടന്നുപോകേണ്ടിവരുമോ എന്ന ഭയം. ഇത് ഒരു ഡിപ്രഷൻ പോലെയുള്ള മാനസികാവസ്ഥയാണോ എന്ന് ഞാൻ സ്വയം ചിന്തിക്കുന്നുണ്ട്. ഈ അവസ്ഥയിൽനിന്ന് പുറത്തുകടന്ന് മുന്നോട്ടുപോകാൻ ഞാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ എങ്ങനെയാണ് അതിൽനിന്ന് പൂർണമായി പുറത്തുകടക്കേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല.
എന്റെ ജീവിതത്തിലെ മറ്റുകാര്യങ്ങളല്ല എന്നെ ഇത്രയധികം തളർത്തുന്നത്. ഒരുകാലത്ത് എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന, ഞാൻ അത്രമേൽ വിലമതിച്ച വ്യക്തിബന്ധങ്ങളുടെ തകർച്ചയാണ്. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ആ ഒറ്റപ്പെടലിന്റെ ബുദ്ധിമുട്ട് എന്താണെന്ന് ഞാൻ ഓരോ ദിവസവും തിരിച്ചറിയുന്നുണ്ട്. ഇതൊന്നും സമൂഹത്തോട് വിളിച്ചുപറഞ്ഞ് ജീവിച്ച ഒരാളല്ല ഞാൻ. പക്ഷേ, ചില വേദനകൾ ഉള്ളിലൊതുക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാകും. ചില മുറിവുകൾ പുറത്ത് കാണില്ല. ചില തകർച്ചകൾ മറ്റുള്ളവർക്ക് മനസ്സിലാകില്ല. നമ്മൾ സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും, ഉള്ളിൽ ചില ബന്ധങ്ങളുടെ നഷ്ടം നമ്മളെ എത്രത്തോളം തകർത്തുവെന്ന് നമുക്ക് മാത്രമേ അറിയൂ. എങ്കിലും ഈ അവസ്ഥയിൽനിന്ന് പുറത്തുകടന്ന് മുന്നോട്ടുപോകാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. എങ്ങനെയെന്ന് ഇപ്പോൾ അറിയില്ലെങ്കിലും, എന്നെത്തന്നെ തിരിച്ചുപിടിക്കേണ്ടത് എനിക്ക് ആവശ്യമാണ്'', ദിയ സന ഫെയ്സ്ബുക്കിൽ കുറിച്ചു.





