വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് ഡിവൈൻ ക്ലാര ഡോൺ തന്റെ പുതിയ വീഡിയോയിലൂടെ സംസാരിക്കുന്നു. സ്നേഹം കൊണ്ട് മാത്രം പഴയ മുറിവുകൾ ഉണങ്ങില്ലെന്നും, അതിന് കൂടുതൽ സമയവും ക്ഷമയും ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈൻ ക്ലാര ഡോൺ. നടി ഡിംപിള്‍ റോസിന്റെ സഹോദരൻ ഡോൺ ടോണിയുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടി മേഘ്ന വിൻസെന്റ് ആയിരുന്നു ഡോണിന്റെ ആദ്യഭാര്യ. ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ‍ഡിവൈൻ വീട്ടിലെ പല വിശേഷങ്ങളും വീഡിയോകളിലൂടെ പങ്കുവെക്കാറുണ്ട്. താൻ ഒരുപാടു പേരിൽ നിന്നും കേൾക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഡിവൈൻ പുതിയ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്.

''എന്നോട് എപ്പോഴും ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഒരു വേദനാജനകമായ ഭൂതകാലമുള്ള ആളുടെ ജീവിതത്തിലേക്ക് എത്തുമ്പോൾ നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെയാണ് തരണം ചെയ്യുകയെന്ന്. സത്യം പറഞ്ഞാല്‍ അങ്ങനെയൊരു ഭൂതകാലമുള്ള ആളെ കല്യാണം കഴിക്കുന്നത് തന്നെ അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ അയാളുടെ വർത്തമാനകാലത്തിലേക്കാണ് എത്തുന്നതെങ്കിൽ പോലും കഴിഞ്ഞ ജീവിതത്തിലെ ചില ഭാഗങ്ങള്‍ എന്തായാലും അവിടെ ഉണ്ടാവും. അതൊന്നും മാറ്റാനും മറക്കാനും ഒരിക്കലും പറ്റില്ല. നമ്മള്‍ ഒരാളെ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിതത്തിലെ എല്ലാ മുറിവുകളും മാറും എന്ന് പലര്‍ക്കും ഒരു ധാരണയുണ്ടാവും. അത് അങ്ങനെ മാറില്ല എന്നതാണ് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം.

ചില കാര്യങ്ങള്‍ മനസിലാക്കാന്‍ നമുക്ക് സമയം വേണം, നല്ല ക്ഷമ വേണം. ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന സ്‌നേഹം പോലും അവര്‍ക്ക് പ്രകടിപ്പിക്കാന്‍ പറ്റുന്നുണ്ടാവില്ല. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയിട്ടുള്ള കാര്യമാണത്. പക്ഷേ, അതിന്റെ പേരില്‍ നമ്മുടെ ഫീലിങ്‌സ് എല്ലാം ഉള്ളിലൊതുക്കി ജീവിക്കണം എന്ന് ഞാന്‍ പറയില്ല. അയാളുടെ കഴിഞ്ഞ ജീവിതത്തെ ബഹുമാനിക്കുക, പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുക. അതിനൊപ്പം നമ്മുടെ സന്തോഷത്തിനും വില നല്‍കാന്‍ കഴിയണം. പരസ്പരം അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിനെക്കാള്‍ പരസ്പരം മനസിലാക്കി ജീവിക്കുന്നതാണ് ഒരു ദാമ്പത്യ ജീവിതത്തില്‍ അത്യാവശ്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍'', ഡിവൈൻ വീഡിയോയിൽ പറഞ്ഞു.

YouTube video player