ബിഷപ്പ് നോബിൾ ഫിലിപ്പിനോട് മാപ്പ് പറഞ്ഞ് രേണു സുധി. ബിഷപ്പ് മാപ്പ് സ്വീകരിച്ച് രേണുവിനെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു.

ഴിഞ്ഞ മൂന്ന് വർഷമായി സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയ ആളാണ് രേണു സുധി. കൊല്ലം സുധിയുടെ അകാല വിയോ​ഗ ശേഷം രേണു അഭിനയ രം​ഗത്തേക്ക് എത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. ഒപ്പം ബോഡി ഷെയ്മിങ്ങും അടക്കമുള്ള നിരവധി കാര്യങ്ങൾ രേണുവിന് ഇക്കാലയളവിനുള്ളിൽ നേരിടേണ്ടി വന്നിട്ടുണ്ട്. താൻ ഇഷ്ട ദാനം നൽകിയ വസ്തു തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ ഫിലിപ്പ് നോട്ടീസ് അയച്ചതും ഇതിനിടയിൽ നടന്നിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ രേണു വീഡിയോകളിലൂടെ പറഞ്ഞുവെന്നതടക്കം ചൂണ്ടിക്കാട്ടി ആയിരുന്നു ബിഷപ്പിന്റെ നടപടി. വലിയ വിവാദമായതിന് പിന്നാലെ ഇതേ കുറിച്ചുള്ള അപ്ഡേറ്റുകളൊന്നും തന്നെ പിന്നീട് വന്നിരുന്നുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ ബിഷപ്പിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടിരിക്കുകയാണ് രേണു സുധി. ഒപ്പം താൻ കാരണം ബിഷപ്പിന് ഉണ്ടായ വിഷമങ്ങൾക്ക് രേണു സുധി മാപ്പ് പറയുന്നുമുണ്ട്. 'ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.. സുധിലയത്തില്‍ ഇന്ന് വന്നപ്പോള്‍..അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന എനിക്ക് അനുഗ്രഹം ആണ്. നന്ദി തിരുമേനി. എന്‍റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്', എന്നായിരുന്നു രേണു സുധി പങ്കുവച്ച വാക്കുകൾ. പിന്നാലെ മറുപടിയുമായി ബിഷപ്പും എത്തി. പ്രിയപ്പെട്ട സഹോദരി രേണുവിനെയും കുടുംബത്തെയും ദൈവം അനു​ഗ്രഹിക്കട്ടെ എന്നും നിങ്ങൾക്കായി പ്രാർത്ഥിക്കുമെന്നും ആണ് ബിഷപ്പ് കുറിച്ചത്.

ബിഷപ്പിനോട് മാപ്പ് പറഞ്ഞതിന് പിന്നാലെ രേണുവിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. 'ചെയ്ത തെറ്റുകൾ മനസ്സിലാക്കുന്നു മാപ്പ്റയുന്നു. സുഖമില്ലാന്ന് പറഞ്ഞത് സത്യമാണെന്ന് തോന്നുന്നു. എങ്കിൽ ശത്രുക്കൾക്ക് പോലും ആ ഗതി വരുത്തരുതേയെന്ന പ്രാർത്ഥന മാത്രം, ചെയ്ത തെറ്റുകൾ തിരിച്ചറിഞ്ഞ് അത് പരസ്പരം ക്ഷമിച്ച് മുന്നേറുമ്പോഴാണ് ദൈവസ്നേഹം ഉണ്ടാകുന്നത്, ദൈവം അനുഗ്രഹിക്കട്ടെ. നല്ലത് മാത്രം വരട്ടെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഏതാനും ദിവസം മുൻപ് നടന്ന കൊല്ലം സുധിയുടെ ഓർമ ദിവസം പ്രാർത്ഥനകൾ നടത്തിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് ആയിരുന്നു. രേണു സ്ഥലത്തില്ലാതിരുന്നതിനാൽ കുടുംബാം​ഗങ്ങൾ എല്ലാവരും ഒന്നിച്ചായിരുന്നു പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത്. 'നന്ദി തിരുമേനി.. സുധിച്ചേട്ടന്റെ ഓർമ ദിവസം സുധിയലത്തിൽ വന്ന് പ്രാർത്ഥിച്ചതിന്', എന്നായിരുന്നു അന്ന് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming