ഒട്ടും പ്രതീക്ഷിക്കാതെ കൂടപ്പിറപ്പിനെ കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പായിരുന്നു ഗായത്രിയുടെ മുഖത്ത്

മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ-ടെലിവിഷൻ താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ഗായത്രി അരുണ്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും താരം കഴിവ് തെളിയിച്ചു. ഗായത്രിയുടെ രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം അടുത്തിടെയാണ് പ്രകാശനം ചെയ്യപ്പെട്ടത്. പ്രകാശനച്ചടങ്ങിൽ സർപ്രൈസായി സഹോദരൻ എത്തിയതിന്റെ വീഡിയോ ആണ് ഗായത്രി ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

കല്ലു എന്നു വിളിക്കുന്ന ഗായത്രിയുടെ മകളാണ് സഹോദരനെ ആദ്യം പോയി സ്വീകരിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ കൂടപ്പിറപ്പിനെ കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പായിരുന്നു ഗായത്രിയുടെ മുഖത്ത്. നിറകണ്ണുകളോടെ ഗായത്രി സഹോദരനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. തലേദിവസം കോഴിക്കോടു വന്ന് റൂം എടുത്ത് താമസിച്ചു എന്നും തനിക്ക് വരാതിരിക്കാൻ ആകുമോ എന്നുമായിരുന്നു സഹോദരന്റെ പ്രതികരണം.

'അച്ചപ്പം കഥകൾ' ആണ് ഗായത്രിയുടെ ആദ്യത്തെ പുസ്തകം. കഴിഞ്ഞ മാസം കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ചാണ് രണ്ടാമത്തെ പുസ്തകമായ യാത്രയ്ക്കപ്പുറം പ്രകാശനം ചെയ്യപ്പെട്ടത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് 'യാത്രയ്ക്കപ്പുറം'. ഡിസി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

View post on Instagram

അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറഞ്ഞിരുന്നു. ഗായത്രിയുടെ ഭർത്താവും ഒരു ബിസിനസ്മാനാണ്.

ALSO READ : 'മാസത്തവണ പോലും അടയ്ക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയിട്ടുണ്ട്'; മനസ് തുറന്ന് അനൂപ് കൃഷ്ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം