'ജിജി ഗേൾസ്' എന്ന ക്യാപ്ഷൻ നൽകിയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായിരുന്നു ഗീതാഗോവിന്ദം. അടുത്തിടെയാണ് പരമ്പര അവസാനിച്ചത്. സാജൻ സൂര്യയും ബിന്നി സെബാസ്റ്റ്യനും ആയിരുന്നു സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അമൃത നായർ, ജോഷിന തരകൻ, രേവതി മുരളി, സന്തോഷ് കിഴാറ്റൂർ, സന്തോഷ് കുറുപ്പ്, ഉമാ നായർ, വിസ്മയ ദേവൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ബിസിനസ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിൻറെയും ഇരുപത്തി മൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥയാണ് പരമ്പര പറഞ്ഞത്.
സീരിയലിന് അകത്തും പുറത്തുമുള്ള വിശേഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുക പതിവായിരുന്നു. ഇപ്പോളിതാ സീരിയലിലെ പ്രിയതാരങ്ങൾ ഒരുമിച്ചു ചെയ്ത ഒരു റീലും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചൂളമടിച്ചു കറങ്ങി നടക്കും എന്ന ഹിറ്റ് മലയാളം പാട്ടിനാണ് ഇവർ നൃത്തം ചെയ്തിരിക്കുന്നത്. 'ജിജി ഗേൾസ്' എന്ന ക്യാപ്ഷൻ നൽകിയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബിന്നി സെബാസ്റ്റ്യനാണ് വീഡിയോയുടെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് എന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. കൊറിയോഗ്രഫി ക്രെഡിറ്റ് എവിടെ എന്ന ബിന്നിയുടെ ചോദ്യം കമന്റ് ബോക്സിൽ കാണാം. ബിന്നി, അമൃത, ജോഷിന, വിസ്മയ തുടങ്ങിയവരാണ് നൃത്തം ചെയ്യുന്നതെങ്കിലും ഇടയ്ക്ക് ഗസ്റ്റ് അപ്പിയറൻസായി സാജൻ സൂര്യ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
നിരവധി പ്രേക്ഷകരാണ് റീലിനു താഴെ കമന്റ് ചെയ്യുന്നത്. ''സീരിയൽ പെട്ടന്ന് തീർത്ത് അടിച്ചു പൊളിക്കാൻ പോയോ? എല്ലാവരും നല്ല സീരിയൽ ആയിരുന്നു ബോറടിപ്പിക്കാതെ നല്ലരീതിയിൽ പോയിരുന്നു തീർന്നപ്പോൾ വല്ലാത്ത ഒരു വിഷമം എന്നാലും നിങ്ങൾ നല്ല രീതിയിൽ അവസാനിപ്പിച്ചു ഇനിയും ഗോവിന്ദൻ- ഗീതു ജോഡികളുടെ സീരിയൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു'', എന്നാണ് പ്രേക്ഷകരിലൊരാളുടെ കമന്റ്.



