'ഉപ്പും മുളകും' പരമ്പരയിലെ ഗൗരിയമ്മായി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി ഗൗരി ഉണ്ണിമായ ഷോയിൽ നിന്നും പിന്മാറുകയാണ്. പഠനത്തിലും കരിയറിലെ അടുത്ത ഘട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനം.
ഉപ്പും മുളകും പരമ്പരയിലൂടെ താരമായി മാറിയ നടിയാണ് ഗൗരി ഉണ്ണിമായ. ഉപ്പും മുളകിന്റേയും പുതിയ സീസണില്‍ പുതിയ കഥാപാത്രമായി ഉപ്പും മുളകും വീട്ടിലേക്ക് എത്തിയ ആളായിരുന്നു ഗൗരി. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഗൗരിയ്ക്ക് സാധിച്ചു. ഇപ്പോള്‍ താരത്തെ എവിടെ പോയാലും ആളുകള്‍ ഉപ്പും മുകളിലെ ഗൗരിയമ്മായി ആയിട്ടാണ് കാണുന്നത്. ഇപ്പോളിതാ പരമ്പരയിൽ നിന്നും താൻ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഗൗരി.
''ഉപ്പും മുളകില്‍ നിന്നും ഞാന്‍ പോവുകയാണ്. വേറൊന്നും കൊണ്ടല്ല, കരിയറില്‍ അടുത്ത ചുവട് വെക്കണം. പഠനത്തില്‍ കൂടുതൽ ശ്രദ്ധിക്കണം. ഇന്നുവരെ കിട്ടിയ സ്‌നേഹത്തില്‍ ഒരുപാട് നന്ദിയുണ്ട്. ഒരു ഫാമിലിയില്‍ പോയി യാത്ര പറയുമ്പോള്‍ വിഷമം വരില്ലേ, അതുപോലെയൊരു അവസ്ഥയായിരുന്നു. എങ്കിലും അടുത്ത സ്‌റ്റെപ്പ് എടുത്തു വെച്ചല്ലേ പറ്റൂ.
ഓഡീഷനിലൂടെയായിരുന്നു ഞാൻ ഈ പരമ്പരയിലേക്ക് വന്നത്. ഈ സ്ഥലവും, ആള്‍ക്കാരുമൊക്കെ എനിക്ക് ഒട്ടും പരിചയം ഇല്ലായിരുന്നു. ഞാന്‍ നല്ല ടെന്‍ഷനിലുമായിരുന്നു. ഓഡീഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ഞാന്‍ ഈ കുടുംബത്തിലെ അംഗമായതാണ്. ഈ സ്ഥലവും, ആളുകളുമൊക്കെ എനിക്ക് ഏറെ സ്‌പെഷലാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങൾ വന്നു. നിങ്ങളുടെ സ്‌നേഹവും, സപ്പോര്‍ട്ടുമൊക്കെ കിട്ടിയത് ഉപ്പും മുളകിലൂടെയാണ്. പാറമട വീടിന്റെ മുകളില്‍ വെച്ചായിരുന്നു ഓഡിഷന്‍. എല്ലാവരെയും കാണുന്നത് താഴെ വെച്ചായിരുന്നു. അന്ന് പ്രമോ ഷൂട്ടായിരുന്നു അവിടെ. ഈ പരമ്പരയിലേക്ക് വന്നതിന് ശേഷം എല്ലാവരും എന്നെ അവരുടെ കുടുംബം പോലെയാണ് കാണുന്നത്. പുറത്തൊക്കെ പോവുമ്പോള്‍ എല്ലാവരും വന്ന് സംസാരിക്കും. അക്കാര്യത്തിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്'', ഗൗരി വീഡിയോയിൽ പറഞ്ഞു.



