ഷോയിൽ നിന്ന് പുറത്തുപോകാൻ താല്പര്യമില്ലാത്തതിനാൽ ഈ കേസുമായി മുന്നോട്ട് പോകുന്നില്ലെന്ന് അവർ തീരുമാനിച്ചു. കൂടാതെ, വേദലക്ഷ്മി തങ്ങളോട് രേഖാമൂലം മാപ്പ് പറഞ്ഞിരുന്നതായും ഇരുവരും തങ്ങളുടെ പുതിയ വ്ളോഗ് വീഡിയോയിലൂടെ എല്ലാ പ്രേക്ഷകരെയും അറിയിച്ചു.
ബിഗ് ബോസ് ഹൗസിൽ വെച്ച് സഹമൽസരാർത്ഥി വേദലക്ഷ്മിയുമായുണ്ടായ പ്രശ്നങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതുപോലുള്ളവരെ വീട്ടിൽ പോലും കയറ്റില്ല എന്നായിരുന്നു വേദലക്ഷ്മി പറഞ്ഞത്. ഇപ്പോഴിതാ വ്ളോഗിലൂടെ അന്നുണ്ടായ പ്രശ്നങ്ങളോടനുബന്ധിച്ചുണ്ടായ കൂടുതൽ വിവരങ്ങൾ തുറന്നുപറയുകയാണ് ആദിലയും നൂറയും.
''കൺഫെഷൻ റൂമിലേക്കു പോയ നിങ്ങളെ പിന്നെ കുറേ നേരത്തേക്ക് കണ്ടില്ലല്ലോ എന്ന് ചിലർ ചോദിച്ചിരുന്നു. സഹമത്സരാർത്ഥി പറഞ്ഞ വിഷയം ചർച്ച ചെയ്യാനാണ് ഞങ്ങളെ വിളിച്ചത്. പൊലീസും ബിഗ് ബോസിലെ കുറച്ച് ആളുകളും ഉണ്ടായിരുന്നു. ആദ്യം കുറച്ച് ടെൻഷനായി. എന്തിനാണ് വിളിച്ചതെന്നൊക്കെ ചിന്തിച്ചു. ചെന്നെെയിലെ പൊലീസായിരുന്നു. ഒരു ഓർഗനെെസേഷൻ ഈ ഹോമോഫോബിക് പരാമർശത്തിനെതിരെ കേസ് കൊടുത്തത് പറയാനാണ് വിളിപ്പിച്ചത്. കാരണം ആ പറഞ്ഞത് തെറ്റാണ്. അങ്ങനെ പറയാൻ ആർക്കും അവകാശമില്ല. ആ മത്സരാർത്ഥിയുടെ പോക്കറ്റിൽ നിന്ന് പെെസയെടുത്തല്ല ജീവിക്കുന്നത്. ഞങ്ങളുടെ സ്വന്തം ഇഷ്ടത്തിന് ജോലി ചെയ്ത് ജീവിക്കുന്നതാണ്. അതിൽ ആരോടും ഒരു ഉത്തരവും പറയേണ്ട കാര്യമില്ല.
കേസിന് പുറകെ പോയാൽ അതിന് മാത്രമേ നേരമുണ്ടാകൂ. കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ നമ്മളും വിട്ട് കൊടുക്കാൻ പോകുന്നില്ല. അങ്ങനെ ചെയ്യണമെങ്കിൽ ഷോയിൽ നിന്നിറങ്ങേണ്ടി വരും. അത്രയും അറ്റത്ത് എത്തിയിട്ട് ഷോ വിട്ട് പോകാൻ തോന്നിയില്ല. കൺഫഷൻ റൂമിലേക്ക് വിളിച്ചത് ഇക്കാര്യം ചർച്ച ചെയ്യാനാണ്. അല്ലാതെ വീട്ടിൽ നിന്ന് ആരും കാണാൻ വന്നിട്ടില്ല. ആ പ്രസ്താവന പറഞ്ഞ വ്യക്തി മാപ്പ് പറഞ്ഞിരുന്നു. അവരുടെ മാപ്പ് പറഞ്ഞുള്ള കത്ത് ഫോണിൽ കാണിച്ച് തന്നു. അവർക്ക് കുടുംബമുണ്ടെന്നൊക്കെ ആ കത്തിൽ ഉണ്ടായിരുന്നു'', എന്നാണ് ഇരുവരും വീഡിയോയിൽ പറയുന്നത്.







