അച്ഛനോടുണ്ടായിരുന്ന തന്‍റെ ദേഷ്യം മാറിയതിനെക്കുറിച്ച് സീരിയല്‍ താരം ആന്‍മരിയ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ, സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റച്ചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ ആൻമരിയ ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നു പറയുകയാണ് ആൻമരിയ ഇപ്പോൾ.
തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ കാര്യം അടുത്തിടെ മാത്രമാണ് താൻ തുറന്നു പറഞ്ഞതെന്നും അങ്ങനെയൊരു സാഹചര്യം വന്നപ്പോൾ രണ്ടാളുടെയും സമ്മതം വാങ്ങിയ ശേഷമാണ് അതു പറഞ്ഞതെന്നും ആൻമരിയ വ്യക്തമാക്കി. ''അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അവരോട് രണ്ടു പേരോടും അനുവാദം ചോദിച്ചിട്ടാണ് അക്കാര്യം തുറന്നു പറഞ്ഞത്. അക്കാര്യം തുറന്നു പറയേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് അത് ചെയ്തത്'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആൻമരിയ പറഞ്ഞു.
സ്വന്തം പിതാവിനോട് നേരത്തേ ദേഷ്യമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതില്ലെന്നും ആൻമരിയ കൂട്ടിച്ചേർത്തു. ''പപ്പയ്ക്ക് ഇപ്പോൾ വയ്യാതിരിക്കുകയാണ്. മമ്മിയെയും എന്നെയും ഫോൺ വിളിക്കാറും സംസാരിക്കാറും ഒക്കെ ഉണ്ട്'', ആൻമരിയ അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിലാണ് ആൻമരിയ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെയാണ് ഫുഡ് വ്ളോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായി താരം വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.



