"ഒരിക്കല്‍ അവര്‍ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു"

സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. റീൽ വീഡിയോകളിലൂടെയും മോഡലിങ്ങിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം സജീവമാണ് രേണു ഇപ്പോൾ. കൊല്ലം സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും സുധിയുടെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെ സംസാരിച്ചു കൊണ്ടുള്ള അഭിമുഖവും ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.

സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്നും സംഭവം നടക്കുമ്പോൾ അവർക്ക് മറ്റൊരു ഭർത്താവും കുട്ടിയും ഉണ്ടായിരുന്നു എന്നും രേണു പറഞ്ഞു. ''ശാലിനി എന്നായിരുന്നു അവരുടെ പേര്. നല്ലൊരു നർത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവർ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാൻ തോന്നിയിട്ടില്ല. സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവർ നിയമപരമായി വിവാഹിതരായിരുന്നില്ല'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു.

സുധിയുടെ ആദ്യഭാര്യയോട് തനിക്ക് ദേഷ്യമൊന്നും ഇല്ലായിരുന്നു എന്നും എന്നാൽ അവരെക്കുറിച്ച് പറയുന്നത് സുധിച്ചേട്ടന് ഇഷ്ടമല്ലായിരുന്നു എന്നും രേണു കൂട്ടിച്ചേർത്തു. ''മരിച്ചവരെക്കുറിച്ച് നമ്മൾ കുറ്റം പറയാൻ പാടില്ല. സുധിച്ചേട്ടന്റെയും സുധിച്ചേട്ടന്റെ ആദ്യഭാര്യയുടെയും ആത്മാവിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കാറുണ്ട്'', രേണു പറഞ്ഞു.

''ഒരിക്കൽ അവർ എനിക്ക് ഫേസ്ബുക്കിൽ മെസേജ് അയച്ചിരുന്നു. രേണുവിന് എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എനിക്കൊരു പിണക്കവുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാൻ പറഞ്ഞു. എനിക്കൊന്ന് കാണണമല്ലോ എന്ന് പറഞ്ഞപ്പോൾ കാണാമല്ലോ എന്നു പറഞ്ഞ് ഫെയ്സ്ബുക്കിൽ വീഡിയോ കോൾ ചെയ്ത് ഹായ് പറഞ്ഞു. അന്ന് കിച്ചുവിന്റെ കാര്യമൊന്നും ചോദിച്ചില്ല. ചിലപ്പോൾ എനിക്ക് എന്തു തോന്നും എന്നു തോന്നിയിട്ടാകാം'', രേണു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം