സിംഗിള്‍ പേരന്റ് എന്ന നിലയില്‍ കുറേ കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും പറയുന്നു വിദ്യ.

ഇൻഫ്ളവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഒരു യൂട്യൂബ് ചാനലും വിദ്യ അടുത്തിടെ ആരംഭിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെയും വിദ്യ നേടിയിരുന്നു. ഇപ്പോളിതാ പുതിയ വീഡിയോയിൽ തന്റെ ജീവിതകഥ പങ്കുവെച്ചിരിക്കുകയാണ് വിദ്യ.

''2014 ലായിരുന്നു എന്റെ ആദ്യ വിവാഹം. ബിഎഡ് ചെയ്‌തോണ്ടിരിക്കുന്ന സമയത്തായിരുന്നു കല്യാണം. ആദ്യ നാളുകളില്‍ വളരെയധികം സന്തോഷത്തോടെയാണ് പോയത്. ആറ് മാസമൊക്കെ ആയപ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങി. പ്രഗ്നന്റായ സമയത്ത് കൃത്യമായ ഭക്ഷണം പോലും കിട്ടുന്നില്ലായിരുന്നു. മാനസികമായും, ശാരീരികമായും തീരെ വയ്യാത്ത അവസ്ഥയായിരുന്നു.

ബിഎഡ് ഫസ്റ്റ് ക്ലാസോടെയാണ് ജയിച്ചത്. പഠിച്ചില്ലെങ്കില്‍ സീറോ ആയിപ്പോവും എന്നെനിക്ക് അറിയാമായിരുന്നു. ബിഎഡിന് ശേഷം പിജിക്ക് ചേര്‍ന്നു. ഫീസൊന്നും തരുന്നില്ലായിരുന്നു. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് പിജിയും ഫസ്റ്റ് ക്ലാസോടെ പാസായി. അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോഴാണ് അച്ഛനെയും അമ്മയെയും വിളിച്ചത്. എന്താണ് എടുക്കാനുള്ളത്, എടുത്തിട്ട് വാ എന്ന് പറഞ്ഞ് അച്ഛന്‍ എന്നെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

മോളെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ ജോലിക്ക് പോയി. അതോടെ എനിക്ക് കുറേ മാറ്റങ്ങള്‍ വന്നു. വിദ്യാഭ്യാസമുള്ളതു കൊണ്ടാണ് ആരുടെ മുന്നിലും തല താഴ്ത്താതെ ജീവിക്കാന്‍ കഴിഞ്ഞത്. എന്നെപ്പറ്റി നെഗറ്റീവ് പറയുന്നവരൊക്കെയുണ്ട്, അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. നീ കഴിച്ചോ, നിനക്ക് ഇടാന്‍ തുണിയുണ്ടോ എന്നുപോലും ചോദിക്കാന്‍ ആരുമില്ലായിരുന്നു. സിംഗിള്‍ പേരന്റ് എന്ന നിലയില്‍ കുറേ കാര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ട്'', വിദ്യ വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക