"ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കഥാപാത്രമായിരുന്നു മൗനരാഗത്തിലെ മനോഹർ"
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ ജിത്തു വേണുഗോപാൽ. ഏഷ്യാനെറ്റിലെ സീതാ കല്യാണം എന്ന സീരിയലിലൂടെ പ്രേക്ഷകപ്രിയം നേടിയ താരം, പിന്നീട് കുടുംബവിളക്ക്, ചന്ദനമഴ, തുടങ്ങിയ സീരിയലുകളിലും സാന്നിധ്യമറിയിച്ചു. ഇതിനിടെ ടെലിവിഷൻ ഷോയായ സ്റ്റാർ മാജിക്കിലൂടെയും ജിത്തു ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വയംവരപ്പന്തൽ എന്ന സീരിയലിലാണ് ജിത്തു വേണുഗോപാൽ ഇപ്പോൾ അഭിനയിക്കുന്നത്. മൗനരാഗം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ താൻ കേട്ടിരുന്ന കമന്റുകളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമാണ് ജിത്തു ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.
''ആരും ചെയ്യാൻ ധൈര്യപ്പെടാത്ത കഥാപാത്രമായിരുന്നു മൗനരാഗത്തിലെ മനോഹർ. അതു ചെയ്യാൻ കുറേ പേരെ സമീപിച്ചിരുന്നു. എന്നെ വിളിച്ച സമയത്തും അക്കാര്യം പറഞ്ഞിരുന്നു. ഒരുപാടു പേരെ പറ്റിച്ചു നടക്കുന്ന കഥാപാത്രമാണ്. മൂന്നു വർഷങ്ങൾക്കിപ്പുറവും ആ കഥാപാത്രത്തെപ്പറ്റി ആളുകൾ സംസാരിക്കാറുണ്ട്. ആ കഥാപാത്രത്തിന് അത്രമാത്രം ഇംപാക്ട് ഉണ്ടെന്നാണ് അത് തെളിയിക്കുന്നത്. ഭാര്യയോടൊപ്പം പുറത്തു പോകുമ്പോൾ അവൾക്കു പോലും ദേഷ്യം തോന്നുന്ന രീതിയിലുള്ള കമന്റുകൾ കേട്ടിട്ടുണ്ട്. നിനക്ക് ഇവനെ മാത്രമേ കിട്ടിയുള്ളോ എന്നൊക്കെ കേൾക്കുമ്പോൾ അവൾ എന്നെ ഒരു നോട്ടമാണ്. തമാശയ്ക്ക് പറഞ്ഞതാണു കേട്ടോ എന്നൊക്കെ ചിലർ പിന്നീട് പറയാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകൾക്കിടയിൽ ഒരു ഫാൻബേസ് ഉണ്ടാക്കാനായതിൽ അവൾക്ക് സന്തോഷമാണ്'', ജാങ്കോ സ്പേസിനു നൽകിയ അഭിമുഖത്തിൽ ജിത്തു വേണുഗോപാൽ പറഞ്ഞു.
കൊല്ലം പുനലൂർ സ്വദേശിയായ കാവേരിയെ ആണ് ജിത്തു വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാവേരി ടിക്ക് ടോക് വീഡിയോകളിലൂടെയും ഷോര്‍ട്ട് വീഡിയോകളിലൂടെയും പലർക്കും സുപരിചിതയാണ്.

