സ്പൈ ആക്ഷൻ ത്രില്ലർ 'വാർ 2'വിന്റെ ചിത്രീകരണം പൂർത്തിയായതായി ജൂനിയർ എൻടിആർ. ഹൃത്വിക് റോഷനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും.

മുംബൈ: സ്പൈ ആക്ഷൻ ത്രില്ലർ 'വാർ 2'വിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആര്‍. ഹൃത്വിക് റോഷനും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും. 2019-ലെ ബ്ലോക്ബസ്റ്റർ ചിത്രം 'വാർ' ന്‍റെ തുടര്‍ച്ചയാണ് ചിത്രം.

ജൂനിയർ എൻടിആർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചു. "വാർ 2 ചിത്രീകരണം പൂർത്തിയായി. ഈ ചിത്രത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. ഹൃത്വിക് സാറിനൊപ്പം സെറ്റിൽ പ്രവർത്തിക്കുന്നത് എപ്പോഴും ആവേശകരമാണ്. അദ്ദേഹത്തിന്റെ ഊർജ്ജം ഞാൻ എപ്പോഴും ആരാധിക്കുന്നു. ഈ യാത്രയിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു" എന്നാണ് എൻടിആർ കുറിച്ചത്.

സംവിധായകൻ അയാൻ മുഖർജിയെയും പ്രശംസിച്ച എൻടിആർ "അയാൻ അതിശയകരമായ ഒരു അനുഭവം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു" എന്നും കൂട്ടിച്ചേർത്തു. 2019-ൽ ഹൃത്വിക് റോഷനും ടൈഗർ ഷ്റോഫും അഭിനയിച്ച 'വാർ'ന്റെ വൻ വിജയത്തിന് ശേഷം, ഹൃത്വിക് റോഷൻ തന്റെ മേജർ കബീർ ധലിവാൾ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുകയാണ് വാര്‍ 2വില്‍.

ജൂനിയർ എൻടിആർ ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുകയാണ് മാത്രമല്ല ഒരു ശക്തമായ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നു. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം, യാഷ് രാജ് ഫിലിംസിന്‍റെ 'ഏക് താ ടൈഗർ' (2012), 'ടൈഗർ സിന്ദാ ഹേ' (2017), 'വാർ' (2019), 'പഠാൻ' (2023), 'ടൈഗർ 3' (2023) എന്നിവയുള്‍പ്പെടുന്ന സ്പൈ യൂണിവേഴ്സിന്റെ ആറാമത്തെ ചിത്രമാണ് 'വാർ 2'.

7500-ലധികം സ്ക്രീനുകളിൽ ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രം ഐമാക്സ് പതിപ്പായും പുറത്തിറങ്ങും. ചിത്രത്തിന്റെ ടീസർ, ജൂനിയർ എൻടിആറിന്റെ 42-ാം ജന്മദിനത്തിൽ റിലീസ് ചെയ്തിരുന്നു,

ചിത്രത്തിന്റെ പ്രചാരണത്തിനായി ഹൃത്വികും എൻടിആറും വെവ്വേറെ പ്രമോട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ഇത് അവരുടെ ഓൺ-സ്ക്രീൻ ഏറ്റുമുട്ടലിന്‍റെ തീവ്രത നിലനിർത്താൻ വേണ്ടിയാണ്. ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശം 80 കോടി രൂപയ്ക്ക് സിത്താര എന്റർടെയ്ൻമെന്റ്സ് സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു.