വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായി കാണാമായിരുന്നു.

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രേണുവിന്റെയും സുധിയുടെയും മകനായ റിഥുലിനെ കാണാനെത്തിയ വീഡിയോയായിരുന്നു കിച്ചു തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ഈ വീഡിയോയിൽ കൊല്ലം സുധിക്കു കിട്ടിയ അവാർഡുകൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിനു ലഭിച്ച അവാർഡുകൾ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു.

വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും രേണുവിനെതിരെ രൂക്ഷവിമർശനം ഉയരുകയും ചെയ്‌തു. പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തുകയും ചെയ്തു. ഇളയ മകൻ നശിപ്പിക്കാതിരിക്കാൻ അവാർഡുകൾ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നൽകിയ വിശദീകരണം.YouTube video player

ഇതേക്കുറിച്ച് കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു. യൂട്യൂബിൽ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെയാണ് കിച്ചു ഇതേക്കുറിച്ച് പ്രതികരിച്ചത്. ''കോട്ടയത്ത് ഞാൻ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയിൽ പോയതാണ്. അച്ഛന്റെ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഒരു കേസുണ്ട്. അതിന്റെ പേപ്പർ കൊടുക്കാൻ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ ആരെയും മോശമായി ചിത്രീകരിക്കാൻ വേണ്ടി ചെയ്‍തതല്ല'', കിച്ചു വീഡിയോയിൽ പറഞ്ഞു.

റിഥുലിനെ കാണാൻ ഇനിയും ഇടക്കിടെ അവിടെ പോകുമെന്നും അനിയനെ താൻ തീർച്ചയായും നോക്കുമെന്നും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കിച്ചു പറയുന്നുണ്ട്. റിഥുലിനൊപ്പമുള്ള കിച്ചുവിന്റെ വ്ളോഗ് ഒരു മില്യനിലേറെ ആളുകളാണ് കണ്ടത്. കോളേജ് പഠനത്തിനായി, കൊല്ലം സുധിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് കിച്ചു ഇപ്പോൾ താമസിക്കുന്നത്. കോട്ടയത്തെ പുതിയ വീട്ടിൽ രേണുവും ഇളയ മകനും രേണുവിന്റെ മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക