നടി ദിവ്യ ശ്രീധർ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി ഭർത്താവ് ക്രിസ് വേണുഗോപാൽ

നടി ദിവ്യ ശ്രീധർ അടുത്തിടെ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോഹിയാട്ടം എന്ന കലാരൂപത്തെ ദിവ്യ അവേഹളിക്കുകയാണ് എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. പ്രമുഖ നർത്തകർ പോലും ദിവ്യയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യയുടെ ഭർത്താവും നടനുമായ ക്രിസ് വേണുഗോപാൽ.

''നവംബർ രണ്ടാം തീയതി ഗുരുവായൂരിൽ ഞങ്ങളുടെ ഫാമിലിയുടെ വക കൃഷ്ണാർപ്പണം എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു. ദിവ്യ, മകൾ മുത്ത്, അവളുടെ കൂട്ടുകാരി എല്ലാം ചേർന്നാണ് ഒരു സമർപ്പണം പോലെ അന്ന് പ്രോഗ്രാം അവതരിപ്പിച്ചത്. ഞങ്ങൾ ആരും വലിയ കലാകാരന്മാരല്ല. ദിവ്യ ഒരു നർത്തകിയുമല്ല. നാൽപതാം വയസിൽ എനിക്ക് വേണ്ടിയാണ് സമർപ്പണം പോലെ അന്ന് ഗുരുവായൂരിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. ആറോ ഏഴോ ക്ലാസുകൾ മാത്രമെ അവൾക്ക് കിട്ടിയുള്ളൂ. ഉള്ളത് വെച്ച് പഠിച്ച് മാക്സിമം പ്രാക്ടീസ് ചെയ്ത് എനിക്ക് വേണ്ടിയും ഭഗവാന് വേണ്ടിയുമാണ് അവൾ നൃത്തം അവതരിപ്പിച്ചത്. അവിടെ അത് കണ്ടവർക്ക് ആർക്കും പ്രശ്നമില്ല.

യുട്യൂബേഴ്സ് വന്ന് വീഡിയോ എടുത്തിരുന്നു. ശേഷം ചില ഭാഗങ്ങൾ കട്ട് ചെയ്ത് സ്പീഡ് കൂട്ടി വേറെ പാട്ടിട്ട് അപ്ലോഡ് ചെയ്തു. മോഹിനിയാട്ടത്തിനെ അവഹേളിച്ചു എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എത്തി. കല എന്താണെന്ന് എനിക്ക് നന്നായി അറിയാം. സത്യഭാമ ടീച്ചർ അടക്കമുള്ളവരുടെ അടുത്ത് നേരിട്ട് പോയി ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. ദിവ്യ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചു എന്നതായിരുന്നു എല്ലാവരുടേയും പ്രശ്നം. അങ്ങനെ എങ്കിൽ മായാ മോഹിനിയിലെ പാട്ട് സീനിൽ ദിലീപേട്ടൻ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ? അപ്പോഴൊന്നും ഗുരുക്കന്മാർക്ക് പൊള്ളിയില്ല. കല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാൻ നിൽക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേ?. കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. അവരുടെ രോഗമാണത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ക്രിസ് വേണുഗോപാൽ പറഞ്ഞു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്