ഗായികയും ബിഗ് ബോസ് താരവുമായ ലക്ഷ്മി ജയൻ പേളി മാണി നല്‍കിയ പ്രചോദനത്തെക്കുറിച്ച് പറയുന്നു 

പല മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളാണ് ലക്ഷ്‍മി ജയന്‍. ഗായിക, വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്‍മി. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ മൂന്നാം സീസണില്‍ മത്സരാര്‍ഥിയായും ലക്ഷ്‍മി എത്തിയിരുന്നു. ലക്ഷ്‍മിയുടെ വ്യക്തി ജീവിതം കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഈ ഷോയ്ക്ക് ശേഷം ആയിരുന്നു. വിവാഹമോചനത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും ലക്ഷ്മി മനസു തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ഒരു സെലിബ്രിറ്റിയെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ സംസാരിക്കുന്നത്.

''എന്റെ ഒരു ഇൻസ്പിറേഷൻ ആണ് പേളിച്ചേച്ചി. പേളി മാണിയുടെ വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. പേളി പറഞ്ഞതിൽ എനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട ഒരു ചിന്തയുണ്ട്. നിങ്ങൾ ആർ‌ക്കു വേണ്ടിയും തളർന്നുപോകരുത്. തൊട്ടാവാടിച്ചെടി തൊടുമ്പോൾ വാടും. അതുകൊണ്ട് നമ്മൾ എല്ലാവരും പോയി ആ തൊട്ടാവാടിയെ തൊടും. ആരും പോയി വാഴയെയോ ഓലയേയോ ഒന്നും തൊടുന്നില്ല. എന്നെ ഭയങ്കരമായി ടച്ച് ചെയ്തിട്ടുള്ള വാചകങ്ങളാണ് ഇത്. പലരും നമ്മളെ വാട്ടിയെടുക്കാനും നമ്മളെ തളർത്താനുമൊക്കെ നോക്കും. അത് അവഗണിച്ചേക്കുക. അവർ രണ്ടു പ്രാവശ്യം നമ്മളെ തളർത്താൻ നോക്കി നമ്മൾ തളർന്നാൽ ആ സ്വിച്ച് വർക്കിങ്ങ് ആണ്. കുറേത്തവണ അവർ ശ്രമിച്ചിട്ടും തളരുന്നില്ലെങ്കിൽ അവർ‌ അടുത്തയാളെ തളർത്താൻ പൊയ്ക്കോളും. ഇതാണ് എനിക്കൊരു മോട്ടിവേഷൻ. പിന്നെ ഞാൻ എല്ലാത്തിന്റെയും പൊസിറ്റീവ് വശം എടുക്കാൻ നോക്കും'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ജയൻ പറഞ്ഞു.