ബിഗ് ബോസ് മലയാളം സീസൺ 7ൽ കടുത്ത വാക്കുതർക്കങ്ങളിൽ ഏർപ്പെട്ട മത്സരാർത്ഥികളായിരുന്നു വേദ് ലക്ഷ്മിയും ഷാനവാസും. ഹൗസിനുള്ളിൽ വെച്ച് ലക്ഷ്മിയോടുള്ള ഷാനവാസിൻ്റെ വാക്കുകൾ വിമർശിക്കപ്പെട്ടിരുന്നു.
ബിഗ്ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധിക്കപ്പെട്ട മൽസരാർത്ഥികളിൽ രണ്ടുപേരായിരുന്നു വേദ് ലക്ഷ്മിയും ഷാനവാസും. ഹൗസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അനീഷും ഷാനവാസും ബിബി ഹൗസ് ജയിലിൽ കിടക്കുന്ന സമയം ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞെന്ന് പറഞ്ഞ് വലിയ വാക്പോരാണ് നടന്നത്. ഇവിടെ ലക്ഷ്മിക്ക് നേരെ ഷാനവാസ് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ പുറത്തിറങ്ങിയതിനു ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പറയുകയാണ് ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഷാനവാസിന്റെ ഫാൻസ് പേജും ലക്ഷ്മിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
"എല്ലാവർക്കുമറിയാം, ആദ്യം ഞങ്ങൾ വഴക്കായിരുന്നു. പിന്നെയാണ് കൂട്ടായത്. ബിഗ് ബോസ് ഹൗസിനകത്തു നിൽക്കുമ്പോൾ ഇവിടെ ആരൊക്കെയാണ് നമ്മുടെ എന്ന് തിരിച്ചറിയാൻ പെട്ടെന്ന് പറ്റില്ല. എന്റെ സൗഹൃദങ്ങൾ കുറച്ച് നാളത്തേക്ക് മാത്രമായുള്ളതല്ല. ഞാൻ സുഹൃത്താക്കുന്നുണ്ടെങ്കിൽ ലൈഫ് ലോങ് എന്റെ സുഹൃത്തായിരിക്കും. അതുപോലൊരു ആളാണ് ഷാനവാസ്. നല്ല മനുഷ്യനാണ്, നല്ല ബന്ധമാണ്," എന്നാണ് ലക്ഷ്മി വീഡിയോയിൽ പറയുന്നത്.
ബിഗ് ബോസ് മലയാളം ഷോ സീസൺ 7ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ ആളാണ് നടിയും മോഡലും ഇൻഫ്ളുവൻസറുമായ വേദ് ലക്ഷ്‍മി. ആദിലയ്ക്കും നൂറയ്ക്കും എതിരെ ഹൗസിൽ വെച്ച് ലക്ഷ്മി നടത്തിയ പരാമർശവും വലിയ ചർച്ചയായിരുന്നു. ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയും കൂടിയാണ് വേദ് ലക്ഷ്മി. മുൻ ബിഗ് ബോസ് മലയാളം വിന്നറായ അഖിൽ മാരാർ നായകനായി എത്തിയ മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഗീതു എന്നാണ് ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


