പ്രശസ്ത അവതാരകയായ മീര അനിൽ തന്‍റെ കരിയറിലുണ്ടായ ഒരു അബദ്ധത്തെക്കുറിച്ച് തുറന്നുപറയുന്നു.

വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സ്ത്രീ എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര മലയാളികൾക്ക് പരിചിത മുഖമായി മാറി. തന്റെ കരിയറിൽ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ചും അത് തന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നതിനെക്കുറിച്ചുമാണ് മീര പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

''ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു. അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു.

അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി'', മീര പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming