സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് ഇരുവരും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനെത്തിയത്
മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ട സന്തോഷം പങ്കുവെച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ മേഘ മഹേഷ്. ഭർത്താവ് സൽമാനുളും ഒപ്പമുണ്ടായിരുന്നു. അച്ചാച്ചനും അമ്മച്ചിയും എന്നാണ് മേഘ ഗ്രാൻഡ്പേരന്റ്സിനെ വിളിക്കുന്നത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയാണ് ഇരുവരും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനെത്തിയത്. ഇരുവർക്കും നൽകാൻ സമ്മാനങ്ങളും മേഘ കരുതിയിരുന്നു. മേഘയുടെയും സൽമാന്റെയും പുതിയ വ്ളോഗിൽ ഇവരെ കാണിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം തങ്ങൾ പങ്കെടുക്കുന്ന ആദ്യത്തെ ചടങ്ങാണ് സുഹൃത്തിന്റെ വിവാഹം എന്നും ഇരുവരും പറയുന്നുണ്ട്.
അച്ചാച്ഛനെയും അമ്മച്ചിയെയും കാണാൻ പോയതിന്റെ സന്തോഷമാണ് വ്ളോഗിൽ മേഘ പ്രധാനമായും പങ്കുവെയ്ക്കുന്നത്. താനും അവരും ഭയങ്കര ഹാപ്പിയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ''ഗ്രാന്റ്പേരന്റ്സ് ഹാപ്പിയായി, ദയവ് ചെയ്ത് മേഘയുടെ പേരന്റ്സിനെ കുറിച്ച് ചോദിക്കരുത്. എല്ലാം ഓകെയാണ്, പക്ഷേ പഴയതുപോലെ ആവാൻ സമയമെടുക്കും'', എന്നാണ് സൽമാനുൽ വീഡിയോയിൽ പറയുന്നത്.
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇരുവരും അറിയിച്ചത്. മേഘയുടെ അച്ഛൻ പ്രതീക്ഷിക്കാതെ രജിസ്ട്രാർ ഓഫീസിൽ എത്തിയ കാര്യവും ഇവർ മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനുളും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എന്ന രീതിയിൽ മാത്രമേ മേഘയെ കണ്ടിരുന്നുള്ളൂ എന്നും സല്‍മാനുൾ പറഞ്ഞിരുന്നു. ആദ്യം ജാഡക്കാരനാണെന്ന് തോന്നിയെങ്കിലും അടുത്തറിഞ്ഞപ്പോള്‍ സല്‍മാനുളിന്റെ സ്വഭാവം മേഘയെ ആകർഷിച്ചു. ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയും ചെയ്തു. കൊച്ചു കുട്ടിയുടെ തോന്നലായാണ് സല്‍മാനുൾ അതെടുത്തത് എന്നും മേഘ പറഞ്ഞിരുന്നു.


