ജനപ്രിയ പരമ്പരയായിരുന്ന 'ചന്ദനമഴ'യിലെ രംഗങ്ങൾ ഇപ്പോൾ ട്രോളുകളായി പ്രചരിക്കുന്നതിനെക്കുറിച്ച് നടി മേഘ്‌ന വിൻസെന്റ് പ്രതികരിച്ചു. അന്ന് വളരെ ഗൗരവത്തോടെയും ആത്മാർത്ഥമായും ചെയ്ത രംഗങ്ങളായിരുന്നു അവയെന്നും, ഇന്ന് ട്രോളുകളായി കാണുമ്പോൾ തനിക്ക് തന്നെ ചിരി വരാറുണ്ടെന്നും മേഘ്‌ന പറയുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇ്‌നും ഓര്‍ത്തിരിക്കുന്നുണ്ട്. ചന്ദനമഴയ്ക്കുശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നവരും, പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇന്നും എത്തുന്നവരുമുണ്ട്. നടി മേഘ്‌ന വിന്‍സെന്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദനമഴ ഏറെ റേറ്റിംഗുള്ള പരമ്പരയില്‍ ഒന്നായിരുന്നു. മേഘ്നയെ കൂടാതെ, ശാലു കുര്യന്റെ വര്‍ഷ എന്ന കഥാപാത്രവും, രൂപശ്രിയുടെ ഊര്‍മിളയെന്ന അമ്മ കഥാപാത്രവും, ചാരുതയുടെ അഞ്ജലിയെന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകമനസ്സില്‍ ഇപ്പോഴുമുള്ളവയാണ്. സീരിയൽ അവസാനിച്ചിട്ടും ഇന്നും സോഷ്യൽ മീഡിയയിലും മീമുകളിലും സീരിയൽ ഹിറ്റായി തുടരുകയാണ്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മേഘ്ന. ഇന്ന് ട്രോളായ രംഗങ്ങളൊക്കെ അന്ന് വളരെ സീരീയസ് ആയി ചെയ്തതാണെന്ന് മേഘ്ന പറയുന്നു.

''അന്ന് അതൊക്കെ വളരെ സീരിയസായി ചെയ്ത കാര്യങ്ങളാണ്. വളരെ ആത്മാർത്ഥമായിട്ടും വളരെ സീരിയസ് ആയിട്ടും ചെയ്ത കുറേ കാര്യങ്ങളാണ് അതിലുള്ളത്. വരുന്നു, സീൻ പഠിക്കുന്നു, ആ മൂഡ് ക്രിയേറ്റ് ചെയ്യുന്നു... എന്നാൽ കഴിയുന്നതു പോലെ ബെസ്റ്റ് ആയി ചെയ്യുന്നു. ഇങ്ങനെ ട്രോളായി വരും എന്നൊന്നും അപ്പോൾ അറിയില്ലല്ലോ. ഇപ്പോ അതൊക്കെ കാണുമ്പോൾ എനിക്കു തന്നെ ചിരി വരാറുണ്ട്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മേഘ്ന പറഞ്ഞത്.

ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും സജീവമായി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സാന്ത്വനം 2 വിലൂടെ മേഘ്ന വീണ്ടും ഏഷ്യാനെറ്റിലേക്ക് തിരിച്ചത്തുകയും ചെയ്തിരുന്നു. ഇതിനിടെ, യൂട്യൂബ് ചാനലുമായും മേഘ്‍ന സജീവമാണ്.

YouTube video player