ബിഗ്ബോസിലെ ലൈഫ് സ്റ്റോറിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ബിന്നിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ടെന്ന് നൂബിൻ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 7ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി. ബിഗ്ബോസിൽ ജീവിതകഥ പറയുന്ന ടാസ്കിൽ ബിന്നി സെബാസ്റ്റ്യൻ പറഞ്ഞ അനുഭവകഥ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു. തനിക്ക് മൂന്നു വയസ് പ്രായമുള്ളപ്പോൾ അമ്മ വിദേശത്തേക്ക് പോയതാണെന്നും അച്ഛനും ഒപ്പമില്ലായിരുന്നുവെന്നും ബിന്നി പറയുന്നു. ആകെയുള്ള സഹോദരൻ ഹോസ്റ്റലിലും. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒറ്റപ്പെടലിന്റെ തീവ്രത അറിഞ്ഞ ആളാണ് താനെന്നും ബിന്നി പറഞ്ഞിരുന്നു.
ബിഗ്ബോസിലെ ലൈഫ് സ്റ്റോറിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ബിന്നിയുടെ ജീവിതത്തിൽ നടന്നിട്ടുണ്ടെന്ന് നൂബിൻ പറയുന്നു. ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ''ബിന്നി പറഞ്ഞ കഥയിലെ വില്ലത്തിയായ ആന്റി ഇപ്പോഴുമുണ്ട്. ആ ആന്റി ബിന്നിയുടെ ലൈഫ് സ്റ്റോറി പുറത്ത് വന്നശേഷം അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്. ആന്റിയുടെ വേറെയും കഥകളുണ്ട്. അതൊന്നും പുറത്ത് പറയാൻ പറ്റില്ല.
ബിന്നി കള്ള ഡോക്ടറാണ് പഠിച്ചിട്ടൊന്നുമില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. പക്ഷേ അതൊന്നും സത്യമല്ല. അവൾ അന്തസായിട്ട് ചൈനയിൽ പോയി പഠിച്ച് പാസായി അതിനു ശേഷം തിരുവനന്തപുരത്ത് വന്നും പരീക്ഷ എഴുതി പാസായതാണ്. അവളുടെ സർട്ടിഫിക്കറ്റ് ഒക്കെ തെളിവിനായി ഇവിടെ കാണിക്കുന്നത് മോശമല്ലേ?. അതൊരു ശരിയായ രീതിയല്ലല്ലോ. അവളുടെ പ്രൊഫഷനെ കുറിച്ച് ഇങ്ങനൊക്കെ കേട്ടപ്പോൾ എനിക്ക് വിഷമം വന്നു. ഡോക്ടറാകാൻ പഠിച്ചിട്ട് പാസാവാത്തവരെല്ലാം സിനിമയിലും സീരിയലിലും കയറുകയാണോ? '', എന്നും നൂബിൻ അഭിമുഖത്തിൽ പറഞ്ഞു.



