ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയത്തിനു പിന്നാലെ, ഇരുവരുടെയും ഉറ്റ സുഹൃത്തായ ഫറ ഷിബിലയുടെ പ്രതികരണം ശ്രദ്ധേയമാവുന്നു.
കൊച്ചി: ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. വിവാഹം ഈ ചിങ്ങത്തിൽ ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ആര്യ അടുത്തിടെ ഒരഭിമുഖത്തിൽ അറിയിച്ചിരുന്നു. ഇപ്പോളിതാ ഇരുവരുടെയും ഉറ്റ സുഹൃത്തായ ഫറ ഷിബില ഇതേക്കുറിച്ച് നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്. ആര്യയുമായും സിബിനുമായും വളരെ അധികം ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്താണ് നടിയും അവതാരകയും മോഡലുമൊക്കെയായ ഫറ ഷിബില. മുൻപ് ആര്യ നൽകിയ ഒരഭിമുഖത്തിൽ താരത്തെക്കുറിച്ച് സംസാരിക്കാൻ സിബിനൊപ്പം എത്തിയതും ഫറ ആയിരുന്നു.
എന്നാൽ മൂവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുണ്ടായി എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഫറയുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ആര്യ-സിബിൻ വിവാഹത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നോ, അതോ എല്ലാവരേയും പോലെ ആ വിവാഹ വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവരേയും പോലെ ഷിബിലയും ഞെട്ടിയോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. നോ കമന്റ്സ് എന്നായിരുന്നു ഇതിന് താരം നൽകിയ മറുപടി. വിവാഹത്തിന് മുമ്പ് ആര്യയ്ക്ക് ബ്രൈഡൽ ഷവർ പോലെ എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. നിർഭാഗ്യവശാൽ, ഞാൻ ആ വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നായിരുന്നു അതിന് ഫറ ഷിബില നൽകിയ മറുപടി. ആര്യയുടെ വിവാഹനിശ്ചയത്തിലും താരം പങ്കെടുത്തിരുന്നില്ല.
സിബിന്റേയും ആര്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ആര്യക്ക് റോയ എന്ന ഒരു മകളുണ്ട്. സിബിൻ തന്നെയാണ് വിവാഹക്കാര്യം മകളോട് ആദ്യം സംസാരിച്ചതെന്നാണ് ആര്യ കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്. തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്നും സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
