അമ്മയുടെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ചതിൻ്റെ സന്തോഷം പങ്കുവച്ച് നടി മഞ്ജു വിജീഷ്

സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വിജീഷ്. നർത്തകി, നടി എന്നീ നിലകളില്‍ നിരവധി വേദികളിലും മിനിസ്ക്രീനിലും ബിഗ് സ്ക്രീനുകളിലും തന്റെതായ ഇടം നേടിയ മഞ്ജു ഏഷ്യാനെറ്റിലെ ‘കുടുംബവിളക്ക്’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. തന്റെ അമ്മയുടെ വലിയൊരാഗ്രഹം നടന്ന സന്തോഷമാണ് മഞ്ജു ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചൊരു ചിത്രം ഏറെ നാളായുള്ള സ്വപ്നം ആയിരുന്നുവെന്നും അത് സഫലീകരിച്ചുവെന്നും മഞ്ജു പറയുന്നു.

''എന്റെ അച്ഛനും അമ്മയും- ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റുമെന്നു വിചാരിക്കാത്ത ഒരു ചിത്രം. ജീവിതത്തിലെയും ഓർമയിലെയും ആൽബങ്ങളിൽ ഒരിടത്തും അമ്മയും അച്ഛനും മാത്രം ഒന്നിച്ചുള്ള ഫോട്ടോ ഉള്ളതായി അറിയില്ല. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഉണ്ടായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിൽ. അമ്മയുടെയും അച്ഛന്റെയും കല്യാണ ശേഷം ഉള്ളത്. അത് കഴിഞ്ഞുള്ള രണ്ടു മൂന്ന് ഫോട്ടോയിൽ ഞങ്ങൾ മക്കൾ കൂടി ഉള്ളതായിരുന്നു. വളരെ അവിചാരിതമായി അമ്മയുടെ തനിച്ചുള്ള, കുറേ വർഷം മുൻപുള്ള ഒരു ഫോട്ടോ അലമാര വൃത്തിയാക്കുന്നതിനിടയിൽ കിട്ടി. അത് അമ്മയ്ക്കു അത്യാവശ്യം വണ്ണം ഉള്ള സമയത്തെ ഫോട്ടോ ആയിരുന്നു. കുറെ ഭാഗം ഒക്കെ നിറം മങ്ങിയ ഒരു ഫോട്ടോ. ആ സമയം വീട്ടിൽ മാമന്റെ മകൻ ഉണ്ണി (അമൽ സുരേഷ്) ഉണ്ടായിരുന്നു. ഉണ്ണി ഫിലിം എഡിറ്റർ ആണ്. അവനോടു അമ്മ പറഞ്ഞു അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഒറ്റ ഫ്രെയിമിൽ ആക്കി തരാമോ എന്ന്. എഐയും ജെമിനിയും രമണിയും ഒക്കെ ഉള്ള ഇക്കാലത്തു അതൊക്കെ വളരെ സിമ്പിൾ അല്ലേ.

എന്തായാലും ഞങ്ങൾ മക്കളും മരുമക്കളും കൊച്ചുമക്കളും ഒരിക്കലും പ്രതീക്ഷിക്കാത്ത ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഉണ്ണി ഞങ്ങൾക്കു നൽകി. താങ്ക് യു ഉണ്ണി. അമ്മയ്ക്ക് ഒരുപാട് ഒരുപാട് സന്തോഷമായി. ഇനി ഞങ്ങൾ എല്ലാവരും കൂടിയുള്ള ഒരു ഫാമിലി ഫോട്ടോ ആയി അത് മാറ്റണം. എന്നിട്ട് ഫ്രെയിം ചെയ്തു വയ്ക്കണം. ഒരുപാട് നൂതന സാങ്കേതിക വിദ്യകൾ ഉള്ള ഇക്കാലത്തു, ഇതൊക്കെ ഇങ്ങനെയുള്ള വലിയ വലിയ സന്തോഷങ്ങക്ക് കൂടി കാരണമാകുന്നത് വലിയ സഹായകമാണ്. ഒരുപാടു ദൂഷ്യങ്ങൾ ഇതിനു പിറകിൽ ഉണ്ടെങ്കിലും നമ്മുടെ ഉപയോഗം പോലെ ഇരിക്കും ഫലങ്ങളും. അമ്മയുടെ ആഗ്രഹം നടത്തികൊടുത്ത ഉണ്ണിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചിലർക്കിതു കാണുമ്പോൾ വലിയ അതിശയമൊന്നും തോന്നില്ല. പക്ഷെ എന്റെ അമ്മയെപ്പോലെ വളരെ ചെറുപ്പത്തിൽ തന്നെ വിധവ ആകേണ്ടിവന്ന, ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്ന സാധാരണ അമ്മമാർക്ക് ഇതൊക്കെ ഒരുപാടു സന്തോഷം നൽകുന്ന വലിയ കാര്യങ്ങളാണ്'', മഞ്ജു വിജീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്