കമന്റിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം പാർവതി കൃഷ്‍ണ.
അഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് പാർവതി ആർ കൃഷ്‍ണ. ചില മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്.
കഴിഞ്ഞ ദിവസം അവതാരക ധന്യ വർമയുടെ യൂട്യൂബ് ചാനലിൽ പാർവതി നൽകിയ അഭിമുഖവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. ഫെയ്സ് യോഗയെക്കുറിച്ചും അത് തന്റെ ചർമത്തിലും മുഖത്തും വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ചും പാർവതി അഭിമുഖത്തിൽ സംസാരിച്ചിരുന്നു. താൻ പഠിച്ച കാര്യം ഇപ്പോൾ മറ്റുള്ളവരിലേക്കും എത്തിക്കുകയാണെന്നും ഇതിനകം സെലിബ്രിറ്റികൾ ഉൾപ്പെടെ ആയിരത്തിലേറെ പേരെ താൻ ഫെയ്സ് യോഗ പഠിപ്പിച്ചെന്നും പാർവതി പറഞ്ഞിരുന്നു. ഈ വീഡിയോയ്ക്കു താഴെ വന്ന കമന്റിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാർവതി. ഇതൊക്കെ ചെയ്ത പാർവതിക്ക് ഒരൻപതു വയസെങ്കിലും തോന്നിക്കുന്നുണ്ടല്ലോ എന്ന രീതിയിലായിരുന്നു കമന്റുകൾ.
''തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ യാത്ര ചെയ്ത് ഞാൻ അറ്റൻഡ് ചെയ്ത ഇന്റർവ്യൂ ആയിരുന്നു അത്. ആ സമയത്ത് ഞാനൊരു കെമിക്കൽ പീലിംഗ് ചെയ്തിരുന്നു. അന്നെനിക്ക് ഫേസ് യോഗയോ ഫേഷ്യൽ മസാജോ ചെയ്യാൻ പറ്റില്ലായിരുന്നു. എന്റെ ഫേസ് യോഗ ക്ലെെന്റ്സിന് അതറിയാം. എന്റെ ക്ലാസ് അറ്റൻഡ് ചെയ്ത ഓരോ ആളുകളും അത്രയും സന്തോഷത്തോടെയാണ് ക്ലാസ് കഴിഞ്ഞും പോയിട്ടുള്ളത് എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതറിയണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്റെ ക്ലാസ് അറ്റൻഡ് ചെയ്യാം. ഇനി വല്ലതും പറയാനുള്ളവർ നേരിട്ട് ഇൻബോക്സിൽ വന്ന് ചോദിച്ചോളൂ. അവിടെ കിടന്ന് ഇങ്ങനെ വർത്തമാനം പറയാതെ പെൺപിള്ളേരെപ്പോലെ, അല്ലെങ്കിൽ ആൺപിള്ളേരെ പോലേ നേരിട്ടുവന്ന് സംസാരിക്ക്. ഞാൻ വെല്ലുവിളിക്കുന്നു'', എന്നാണ് പാർവതി വീഡിയോയിൽ പറയുന്നത്. പാർവതിയുടെ ഫെയ്‍സ് യോഗ ക്ലാസ് അറ്റൻഡ് ചെയ്തിട്ടുള്ള നടി ശ്രീവിദ്യ മുല്ലച്ചേരി അടക്കമുള്ളവർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
