അന്തരിച്ച കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ സാജു നവോദയ
മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളമായിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. നടി വീണ നായരുടെ പോഡ്കാസ്റ്റിൽ സുഹൃത്തും അന്തരിച്ച കലാകാരനുമായ കൊല്ലം സുധിയെക്കുറിച്ച് സാജു നവോദയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്കു ലഭിച്ചിരുന്ന പണം മുഴുവനും കുടുംബത്തിന് വേണ്ടിയാണ് സുധി ചിലവാക്കിയിരുന്നതെന്ന് സാജു പറയുന്നു.
''എനിക്ക് സുധിയെ മനോരമയിൽ മത്സരിക്കാൻ ചെന്നപ്പോഴാണ് കിട്ടിയത്. വളരെ നന്മ ഉള്ളവനായിരുന്നു കൊല്ലം സുധി. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷെ അവൻ അവനെ തന്നെ കുറ്റം പറയാൻ എല്ലാ കഴിവും ഉപയോഗിക്കും. അങ്ങനൊരു കുഴപ്പമുണ്ട്. അവന്‍ കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോന്‍ ഇപ്പോള്‍ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവന്‍ നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു'', സാജു നവോദയ പറഞ്ഞു.
നിരവധി വേദികളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരായിരുന്നു കൊല്ലം സുധിയും സാജു നവോദയയും. നിരവധി ടിവി ഷോകളിലും ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി ചില സഹായങ്ങളും സാജുവും സുഹൃത്തുക്കളും ചേർന്ന് ചെയ്തിരുന്നു.



