കഴിഞ്ഞ ദിവസമായിരുന്നു ബിനീഷ് ബാസ്റ്റിന്‍റെ വിവാഹം. താരയുമായുള്ള പരിചയം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് ബിനീഷ്
ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്. നൂറിലധികം സിനിമകളിൽ ബിനീഷ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. കഴിഞ്ഞ ദിവസമായിരുന്നു ബിനീഷിന്റെ വിവാഹം. അടൂര്‍ സ്വദേശിനി താരയെ ആണ് ബിനീഷ് വിവാഹം ചെയ്തത്. തങ്ങൾ തമ്മിൽ പരിചയപ്പെട്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ബിനീഷ് സംസാരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
ബിനീഷ് ബാസ്റ്റിന്‍ പറയുന്നു
''താരയെ ആദ്യം കണ്ടത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിരുന്നു. എന്റെ അമ്മച്ചിയെ താരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. ആ സമയത്ത് താര ആലുവയിൽ ജോലി ചെയ്യുകയായിരുന്നു. അമ്മച്ചിയുടെ വീഡിയോസ് താര കാണാറുണ്ടായിരുന്നു. പ്രോഗ്രാം ബുക്കിംഗിനായി ഞാൻ സോഷ്യൽ മീഡിയയിൽ ഒരു നമ്പർ ഇട്ടിരുന്നു. അതിലേക്കാണ് താര ആദ്യം വിളിച്ചത്. അമ്മച്ചിയേയും എന്നെയും പരിചയപ്പെടുക എന്നതായിരുന്നു അന്നത്തെ കോളിന്റെ ലക്ഷ്യം. അർജന്റ് കോളുകൾ വന്നാൽ മാത്രമെ ഞാൻ സാധാരണ സംസാരിക്കാറുള്ളൂ. അല്ലെങ്കിൽ എനിക്കൊപ്പം ഉള്ള ആളാണ് കോളെടുത്ത് കാര്യങ്ങൾ സംസാരിക്കുന്നത്. അന്ന് താരയുടെ കോൾ വന്നപ്പോൾ ഞാൻ എടുത്തു. താരയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞു. ആലുവയിൽ ഒരു ഉദ്ഘാടനത്തിന് വരും, അവിടെ വെച്ച് കാണാമെന്ന് പറഞ്ഞു. അങ്ങനെ ആദ്യമായി താരയെ കണ്ടു. മൂന്ന് വർഷത്തോളം നല്ല സൗഹൃദമായിരുന്നു. എപ്പോഴും കാണാറൊന്നുമില്ലായിരുന്നു. വല്ലപ്പോഴുമാണ് കണ്ടിരുന്നത്.
അമ്മച്ചിക്ക് എന്റെ വിവാഹം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഞാൻ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഫിലിം ഫീൽഡല്ലേ. അതുകൊണ്ട് എന്നെ മനസിലാക്കുന്ന ആളാകണം ജീവിത പങ്കാളിയെന്ന് ആഗ്രഹിച്ചിരുന്നു.അല്ലെങ്കിൽ ബന്ധങ്ങൾ കുറച്ചു കാലമേ നിലനിൽക്കുകയുള്ളൂ. എന്നെ മനസിലാക്കുന്ന കുട്ടിയായിരിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നെ മനസിലാക്കാൻ ഞാൻ താരക്ക് മൂന്ന് വർഷം കൊടുത്തു. മനസിലാക്കി കഴിഞ്ഞ് രണ്ട് വർഷം കൂടി എടുത്തു'', എന്നാണ് ബിനീഷ് വീഡിയോയിൽ പറയുന്നത്.



