കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ‌ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്.

മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം. നടി സുരഭി സന്തോഷ് ആണ് പരമ്പരയിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പവിത്രം ഹിറ്റായതോടെ സുരഭി സന്തോഷിനെയും മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ കാലിന് ഒരു പരിക്ക് പറ്റിയിരിക്കുകയാണെന്നും സുഖപ്പെട്ടു വരികയാണെന്നും അറിയിച്ചിരിക്കുകയാണ് സുരഭി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരങ്ങൾ പങ്കുവെച്ചത്.

''എന്റെ കാല് സുഖപ്പെട്ടു വരുന്നു. പക്ഷേ, പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതിന് ഇനിയും എട്ടാഴ്ച കൂടി എടുത്തേക്കാം. എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങൾ ഓർക്കുന്നതിനുമെല്ലാം നന്ദി. എല്ലാവരുടെയും മെസേജുകൾക്ക് മറുപടി തരാൻ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു'', സുരഭി സന്തോഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. കാലിന്റെ പരിക്ക് വേഗം സുഖമാകട്ടെ എന്ന പ്രാർത്ഥനകളാണ് കമന്റ് ബോക്സിൽ കൂടുതലും കാണുന്നത്. ഇത്തവണ ഏഷ്യാനെറ്റിന്റെ ഓണപ്പരിപാടികളിൽ ഉണ്ടായിരിക്കില്ലേ എന്ന ചോദ്യത്തിന് പരിക്കു കാരണം ഇക്കുറി അതിന്റെ ഭാഗമാകാൻ പറ്റിയില്ല എന്നും സുരഭി കമന്റ് ചെയ്തിട്ടുണ്ട്.

സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുൻപ് കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ‌ സുരഭി മലയാള സിനിമാ പ്രേക്ഷകർക്ക് പരിചിതയാണ്. കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടിയാണ്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് ഭർത്താവ്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്