നടി പ്രീത പ്രദീപ് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചു. ഭർത്താവിനൊപ്പം യുകെയിൽ താമസിക്കുന്ന താരം, ഈ വിവരം ഭർത്താവിനെ അറിയിക്കുന്ന വൈകാരികമായ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. പ്രീത എന്ന് പറയുന്നതിനേക്കാള്‍ 'മതികല' എന്ന് പറയുമ്പോളാകും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രീത പ്രദീപിനെ പെട്ടന്ന് ഓര്‍ക്കുക. 'മൂന്നുമണി' എന്ന പരമ്പരയിലെ 'മതികല'യായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. സീരിയലുകൾ കൂടാതെ ചില മലയാള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019 ലായിരുന്നു പ്രീതയുടെ വിവാബം. ഇപ്പോൾ ഭർത്താവുമൊന്നിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നാണ് പ്രീത ഇപ്പോൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

‘ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി’

ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രീത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം വൈകാരികമായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ''ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകള്‍ ഞാന്‍ കണ്ടപ്പോള്‍. ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകള്‍ നനയിച്ചു. എല്ലാം ജഗദീശ്വരന്‍ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങള്‍ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു'', എന്നാണ് വീഡിയോയ്ക്കൊപ്പം പ്രീത കുറിച്ചത്.

സന്തോഷം കൊണ്ട് പ്രീതയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും വീഡിയോയിൽ കാണാം. പായസമുണ്ടാക്കുകയും അത് ഭര്‍ത്താവിന് നല്‍കുകയും ചെയ്യുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പായസം ഒരു ചെറിയ ക്ലാസില്‍ പകര്‍ന്നു നല്‍കിയാണ് പ്രീത സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി ആളുകൾ ഇരുവര്‍ക്കും അഭിനന്ദനം അറിയിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

YouTube video player