2022-ൽ വൻവിജയമായ 'കാന്താര', മനുഷ്യനും പ്രകൃതിയും മിത്തും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. തദ്ദേശീയ സംസ്കാരവും ദൈവക്കോലം എന്ന അനുഷ്ഠാനവും ഇതിവൃത്തമായ ചിത്രം പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധനേടി.

2022ൽ കാന്താര തിയേറ്ററുകളിൽ കണ്ടത് ഓർക്കുന്നുണ്ടോ.. കെജിഎഫിന്റെ പ്രൊഡക്ഷൻ സ്കെയിലും പാൻ ഇന്ത്യൻ റീച്ചും സെറ്റ് ചെയ്ത് വച്ച ബഞ്ച് മാർക്കിലേയ്ക്ക് അതേ പ്രൊഡക്ഷൻ കമ്പനിയുടെ അധികമാരും അറിയാത്ത ഒരു കൊച്ചു ചിത്രം എത്തി. തുടക്കത്തിൽ ചുരുങ്ങിയ സ്ക്രീനുകളിൽ റിലീസ് ചെയ്ത കാന്താര പിന്നീട് 400 സ്ക്രീനുകളിലേക്ക് വ്യാപിക്കുകയും നിരവധി റെക്കോർഡുകൾ തകർക്കുകയും ചെയ്തതാണ് കേരളത്തിലെ മാത്രം കണക്കുകൾ. കെജിഎഫ് ഉണ്ടാക്കിയ വാർപ്പ് മാതൃകയിലേയ്ക്ക് പറിച്ച് വയ്ക്കാതെ കന്നഡ സിനിമയ്ക്ക് മറ്റൊരു ബെഞ്ച് മാർക്ക് സൃഷ്ടിച്ചു നൽകുകയായിരുന്നു കാന്താര. സാംസ്കാരികമായ പ്രമേയത്തിൽ വേരൂന്നിയ യുണീക് ആയ കഥ പറച്ചിൽ കന്നഡ സിനിമയുടെ ആഴവും സാധ്യതയും ലോകത്തിന് കാണിച്ചുകൊടുത്തു. മാസ് മസാല എന്ന ചേരുവയല്ല ഒരു സിനിമയെ പാൻ ഇന്ത്യൻ ആക്കുന്നതെന്ന ബോധ്യം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നൽകി കാന്താര.

നിഗൂഢമായ വനം എന്നാണ് കാന്താരയ്ക്ക് അർഥം. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന 'കാന്താര'യുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്. മാൻ വേഴ്സസ് നേച്ചർ എന്ന ബേസിക് കോൺസപ്റ്റിൽ ഊന്നി അടിസ്ഥാന വർഗ രാഷ്ട്രീയം പറഞ്ഞു ഋഷഭ് ഷെട്ടി രചിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം. 1847ൽ ഒരു തുളുനാട്ടുരാജ്യം. സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ ഉറക്കം നഷ്ടപ്പെട്ട് കഴിയുന്ന രാജാവിന്റെ സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപ്പെടുന്നു. ദൈവത്തെ അന്വേഷിച്ച് കാടുകയറുന്ന രാജാവ് മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെടുന്നു. രാജാവിനൊപ്പം പോകാമെന്ന് സമ്മതിച്ച ദൈവം, സകല ഐശ്വര്യത്തിനും പകരമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ മനുഷ്യർക്ക് നാട്ടിൽ ഭൂമി നൽകി തന്നെയവിടെ കുടിയിരുത്തണം എന്നാവശ്യപ്പെടുന്നു. രാജാവ് സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് നാട്ടിലെത്തുന്നു. കാലം കടന്നുപോയപ്പോൾ രാജാവ് നാട്ടുരാജാവായി, തമ്പുരാനായി, നാട്ടുപ്രമാണിയായി, ജന്മിയായി രൂപാന്തരപ്പെട്ടു. തലമുറ മാറിയപ്പോൾ അന്ന് ഇഷ്ടദാനം നൽകിയ ഭൂമി തിരിച്ചെടുക്കാനായി ശ്രമം. അവിടുത്തെ ജനങ്ങൾക്കും ജന്മിക്കുമിടയിൽ ഉണ്ടായിരുന്ന പ്രതിബന്ധം– പഞ്ചുരുളി എന്ന ദൈവം. കാന്താരയുടെ ലോകത്തേക്ക് പ്രേക്ഷകനെ സ്വാഗതം ചെയ്യുന്നത് ഈ കഥയാണ്. മണ്ണും മനുഷ്യനും മിത്തിൽ ചേർന്ന മാന്ത്രിക അനുഭവമായിരുന്നു പ്രേക്ഷകന് പിന്നീട് കാന്താര.

1990കളുടെ തുടക്കത്തിൽ സിനിമയുടെ കഥ പിന്നീട് വികസിക്കുമ്പോൾ പുതിയ ഭൂവുടമ ഗ്രാമവാസികളോട് സൗഹൃദപൂർവ്വം പെരുമാറുകയാണ്. ഗ്രാമവാസികൾക്ക് പ്രിയപ്പെട്ടവനാണ് ഋഷഭ് അവതരിപ്പിക്കുന്ന ശിവ. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ മുരളീധരൻ ഗ്രാമീണരുടെ ആചാരങ്ങളെ നിരസിക്കുകയും വനവിഭവങ്ങൾ എടുക്കാനുള്ള അവരുടെ അവകാശത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നതോടെ അവിടുത്തെ സന്തുലിതാവസ്ഥ നഷ്ടമാകുന്നു. എന്നാൽ എല്ലാ കാലത്തും അവർ നേരിടുന്ന ഭീഷണി ഭൂവുടമയിൽ നിന്നാണ്. ഭൂമി തിരിച്ചുപിടിക്കാൻ അയാൾ ഗൂഢാലോചന നടത്തുകയായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നതോടെ ഒരു അന്തിമ പോരാട്ടത്തിന് ഗ്രാമം തയ്യാറെടുക്കുന്നു.

കാടും കാടിന്റെ മക്കളെയും രക്ഷിക്കാൻ അയാൾ മടങ്ങിയെത്തുമോ?

ഈ പോരാട്ടത്തിൽ ശിവ മരണപ്പെടുന്നുണ്ട്, എന്നാൽ അമാനുഷിക ശക്തികളോടെ പഞ്ചുരുളി ശിവയായി ഉയർത്തെഴുന്നേൽക്കുന്നു. പ്രേക്ഷകന് പീക്ക് സിനിമാറ്റിക് എക്സ്പീരിയൻസ് ലഭിക്കുന്ന മൊമെൻ്റ് ആണിത്. അവനിലൂടെ ഭൂവുടമയെയും അയാളുടെ ആളുകളെയും ഇല്ലാതാക്കി മനുഷ്യനും പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു. ദേവന്റെ പുതിയ ചാലകമായ ശിവ തന്റെ പൂർവ്വികന്റെ വിളി കേട്ട് കാട്ടിൽ ഒരു അഗ്നി വൃത്തത്തിൽ ലയിക്കുന്നു. ഇപ്പോൾ ഗർഭിണിയായ അവന്റെ കാമുകി, ഭൂവുടമകളിൽ നിന്ന് വീണ്ടും കാടിന് ഭീഷണിയില്ലെങ്കിൽ ശിവ ഒരിക്കലും തിരിച്ചുവരില്ലെന്ന് മനസ്സിലാക്കുന്നു. അവൻ എപ്പോഴെങ്കിലും തിരിച്ചുവരുമോ? കാടും കാടിന്റെ മക്കളെയും രക്ഷിക്കാൻ അയാൾ മടങ്ങിയെത്തുമോ? ഈ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് കാന്താര അവസാനിക്കുന്നത്.

അതി നാടകീയമായ തട്ടിക്കൂട്ട് തട്ടുപൊളിപ്പൻ സിനിമകൾ എന്ന് കന്നഡ സിനിമയെ വിലയിരുത്തിയിരുന്ന മലയാളി പ്രേക്ഷകർ ഉൾപ്പെടെ ഇന്ന് കാന്താരയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വടക്കൻ കേരളത്തിന്റെ തെയ്യത്തോട് സാമ്യമുള്ള ദക്ഷിണ കർണാടകയുടെ ദൈവക്കോലവുമായി ചേർന്ന ആചാരങ്ങളെയും ഫോക്‌ലോർ കഥകളെയും ഒരു പ്രദേശത്ത് ഋഷഭ് ഷെട്ടി പ്ലേസ് ചെയ്തു. ക്വാളിറ്റി മേക്കിങ്ങും കാന്താര തന്നെ തിയേറ്റർ എക്സ്പീരിയൻസും അനുഭവിച്ച ഒരാളും രണ്ടാം ഭാഗം തിയേറ്ററിൽ മിസ്സാക്കാൻ ഇടയില്ല. അരവിന്ദ് എസ്. കശ്യപിന്റെ സിനിമോട്ടോഗ്രഫി, പ്രേക്ഷകനെ ആസ്വാദനത്തിൻ്റെ പരമോന്നതിയിൽ എത്തിക്കുന്ന അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം. ഇവയെല്ലാം ചേർന്ന് മികച്ച ദൃശ്യാനുഭവമൊരുക്കി 'കാന്താര'. 18-ാം നൂറ്റാണ്ട് മുതൽ കഴിഞ്ഞ ദശാബ്ദം വരെ അടയാളപ്പെടുന്ന കാന്താരയുടെ കഥ ഒരു ഫെയറി ടെയിൽ ഇഫക്റ്റ് ആണ് പ്രേക്ഷകനിലുണ്ടാക്കുന്നത്. രണ്ടാം ഭാഗത്തിലേയ്ക്ക് വരുമ്പോൾ സീക്വലായല്ല പ്രീക്വലായാണ് ചിത്രമെത്തുന്നത്. കാന്തര സിനിമയുടെ കഥയ്ക്ക് മുൻപ് നടക്കുന്ന സിനിമയാണ്, കാന്താര എ ലെജൻഡ്: ചാപ്റ്റർ 1.

എങ്ങനെയാണ് അച്ഛൻ ഇവിടെവച്ച് മായയായി പോയത് എന്ന കുട്ടിയുടെ ചോദ്യത്തോടെയാണ് കാന്താര ദി ലജൻ്റ് ചാപ്റ്റർ വൺ ട്രെയ്‌ലർ തുടങ്ങുന്നത്. കാന്താരയുടെ ടൈറ്റിൽ കാർഡിലെ ഓം ചിഹ്നം ശിവന്റെ അവതാരമാണെന്ന സൂചനയാകാം. കാന്താര എന്ന കാട്ടിലെ മനുഷ്യരും ബാങ്ക്ര എന്ന രാജഭരണ പ്രദേശവും അവർ തമ്മിലെ കോൺഫ്ലിക്ടുകളും ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. ബെർമ എന്നാണ് ഋഷഭ് ഷെട്ടി കഥാപാത്രത്തിൻ്റെ പേര്, കനകാവതി എന്ന യുവറാണിയായി രുക്മിണി വസന്ത് എത്തുമ്പോൾ ജയറാം രുക്മിണിയുടെ അച്ഛനോ തുല്യസ്ഥാനം വഹിക്കുന്നയാളോ ആണെന്നാണ് സൂചന. ട്രെയ്‌ലറിൽ ഒരു രാജാവിൻ്റെ പട്ടാഭിഷേകം കാണിക്കുന്നുണ്ട്. ഈ യുവരാജാവിന് കാന്താരയെയും അവിടത്തെ ദൈവത്തെയും മനുഷ്യരെയും കുറിച്ചെല്ലാം പറഞ്ഞുകൊടുക്കുന്നത് ജയറാമിൻ്റെ കഥാപാത്രമാണ്. എന്നാൽ കാന്താരയെക്കുറിച്ച് പറയപ്പെടുന്ന കഥകൾ സത്യമല്ലെന്നാണ് യുവരാജാവിന്റെ വിശ്വാസം. കാന്താരയ്ക്ക് നേരെ ബാങ്ക്ര നടത്തുന്ന ആക്രമണങ്ങൾക്കൊടുവിൽ ആകാം ടെയ്‌ലറിൽ കാണിക്കും പോലെ ദൈവം പ്രത്യക്ഷപ്പെടുന്നതും. എപ്പോഴൊക്കെ മനുഷ്യൻ അധർമ്മം ചെയ്യുന്നോ അപ്പോഴൊക്കെ ധർമ്മം സംരക്ഷിക്കാൻ ദൈവം ഭൂതഗണങ്ങളെ അയക്കും എന്ന ആശയത്തിൽ തന്നെയാകാണം കഥവികസിക്കുന്നത്.

ആദ്യ ഭാഗത്തിൻ്റെ ബജറ്റിനേക്കാൾ എട്ടിരട്ടിയോളമാണ് ഹോംബാലെ ഫിലിംസ് രണ്ടാം ഭാഗത്തിനായി മുടക്കിയതെന്നാണ് എന്നാണ് റിപ്പോർട്ടുകൾ. കെജിഎഫ് 2ന് തൊട്ടുപിന്നിൽ ഏറ്റവും വലിയ തുകയ്ക്ക് ഒടിടി റൈറ്റ്സ് വിറ്റുപോയ കന്നഡ സിനിമ എന്ന റെക്കോഡും കാന്താര 2നാണ്. 125 കോടിമുടക്കിയാണ് ആമസോൺ പ്രൈം വീഡിയോ കാന്താരയുടെ റൈറ്റ്സ് സ്വന്തമാക്കിയത്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആ​ഗോള റിലീസ്. റെക്കോഡുകൾ ഭേദിക്കാൻ അവർ എത്തുകയാണ്. കാന്താരയുടെ ലോകം കൊടോബർ 2ന് തുറക്കപ്പെടും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News