നടി സ്നേഹ ശ്രീകുമാറിനെ വ്യക്തിഹത്യ ചെയ്യുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്ത കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവനകൾക്കെതിരെ യൂട്യൂബർ സായ് കൃഷ്ണ. സത്യഭാമയുടെ മുൻകാല വിവാദങ്ങൾ ഓർമ്മിപ്പിച്ച സായ് കൃഷ്ണ, അവരെ രൂക്ഷമായി വിമർശിച്ചു.
നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും വ്യക്തിഹത്യ ചെയ്തും കൊണ്ട് കലാമണ്ഡലം സത്യഭാമ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകൾ വലിയ വിവാദമായിരുന്നു. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ സ്‌നേഹ പ്രതികരിച്ചിരുന്നു. ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും സത്യഭാമയെ വിമര്‍ശിച്ചുമായിരുന്നു സ്‌നേഹയുടെ പ്രതികരണം. ഇതിനുള്ള മറുപടിയായിരുന്നു സത്യഭാമയുടെ വീഡിയോ. വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിങ്ങും ഉൾപ്പെടെ നടത്തിയാണ് സ്നേഹക്കെതിരെ സത്യഭാമ പ്രതികരിച്ചത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് യൂട്യൂബറും ബിഗ്ബോസ് മുൻ മൽസരാർഥിയുമായ സായ് കൃഷ്ണ.
''സത്യഭാമയെ അറിയാത്ത മലയാളികൾ ഇല്ലല്ലോ. രണ്ട് വർഷം മുമ്പ് ആർഎൽവി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച, മീഡിയ എടുത്തിട്ട് കുടഞ്ഞ അതേ സത്യഭാമ തന്നെയാണ് ഇത്. ഇടയ്ക്കെപ്പഴോ ഒരിക്കൽ വന്ന് പോയിട്ടുണ്ടായിരുന്നു മൂപ്പത്തി. എന്തോ ഒരു ബാധയിളകുമ്പോൾ വരുന്നതാണ്. ബാഹുബലി മഹിഷ്മതിയിലെ രാഞ്ജി ഇരിക്കുന്നതുപോലെ വന്നങ്ങ് ഇരിക്കും. എന്നിട്ടാണ് പറച്ചിൽ മുഴുവൻ. വിവരക്കേട് ചെയ്യുന്നവർക്ക് സ്വയം അതൊരു വിവരക്കേടായി തോന്നുകയില്ല. അത് കണ്ടുനിൽക്കുന്നവരാണല്ലോ വിവരക്കേടാണോയെന്ന് നമ്മളോട് പറയേണ്ടതാ. അതുപോലെ തന്നെയാണ് വിവാദങ്ങളും. നമ്മൾ പറഞ്ഞതിൽ ഒരു വിവാദ പരാമർശമുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നുമ്പോഴാണ് അത് വിവാദമായി മാറുന്നത്. സത്യഭാമ ഇതൊന്നും പിന്നെ സമ്മതിച്ച് തരാൻ പോകുന്നില്ല.
സത്യഭാമയെ കുറിച്ച് പറയുമ്പോൾ എന്റെ പുരോഗമന ചിന്താഗതിയൊക്കെ ഞാൻ മാറ്റി സൈഡിൽ വെക്കും. ഇവരോട് ഈ ലെവലിൽ വേണം സംസാരിക്കാൻ. എല്ലാവരും എന്നോട് ക്ഷമിക്കണം. സ്ക്രാച്ച് ആന്റ് വിൻ കലാമണ്ഡലമാണ് സത്യഭാമ. എന്നാൽ സ്നേഹ ശ്രീകുമാർ കലാമണ്ഡലത്തിൽ പോയി പഠിച്ചതാണ്. അവർ കലാമണ്ഡലം എന്നത് പേരിൽ പോലും ചേർത്തിട്ടില്ല. സത്യഭാമ പക്ഷെ അത് ആർഭാടമായി പേരിനൊപ്പം വെച്ചു. എന്തിനാണ് ഈ പ്രായത്തിൽ ഇങ്ങനെ തിളയ്ക്കുന്നത്. ഇത്ര പ്രായമായി എന്നെങ്കിലും ചിന്തിച്ചൂടേ?'', സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.



