ഡിപ്രഷനിലൂടെ കടന്നുപോയ സമയത്ത് തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയതെന്ന് താരം
അടുത്തിടെയാണ് മിനിസ്ക്രീൻ താരം പാർവതി വിജയ്‍യും ക്യാമറാമാൻ അരുൺ രാവണും വിവാഹമോചിതരായെന്ന വാർത്ത പുറത്തുവന്നത്. പിന്നാലെ സീരിയൽ താരം സായ് ലക്ഷ്‍മിയുമായുള്ള അരുണിന്റെ പ്രണയവും ചർച്ചയായിരുന്നു. അരുണ്‍ വിവാഹമോചിതനാവാനുള്ള കാരണം സായ് ലക്ഷ്‍മിയാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി സായ് ലക്ഷ്‍മി നേരിട്ട് രംഗത്തെത്തുകയും ചെയ്‍തിരുന്നു. താൻ കാരണമല്ല അരുണും പാർവതിയും പിരിഞ്ഞത് എന്ന് വാട്സ്ആപ്പ് ചാറ്റുകളടക്കം പുറത്തുവിട്ട് സായ്ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അരുണുമൊന്നിച്ചുള്ള ചിത്രങ്ങളും താരം നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് സായ് ലക്ഷ്മി.
പ്രണയം, വിവാഹം
അരുണുമായി ഒന്നിച്ചു താമസിക്കുകയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു സായ് ലക്ഷ്മിയുടെ മറുപടി. മാസങ്ങളോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും താൻ ഡിപ്രഷനിലൂടെ കടന്നുപോയ സമയത്താണ് അരുണിനെ പരിചയപ്പെട്ടതെന്നും അത് പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സായ് ലക്ഷ്മി പറഞ്ഞു. വിവാഹത്തെക്കുറിച്ച് വ്യക്തമായ പ്ലാനുകൾ ഇപ്പോൾ ഇല്ലെന്നും സായ് ലക്ഷ്മി വ്ളോഗിൽ പറഞ്ഞു. ''എല്ലാം അതിന്റേതായ സമയത്ത് നടക്കട്ടെ. ഓടിപ്പോയി കല്യാണം കഴിക്കാൻ എനിക്ക് താൽപര്യമില്ല. ഒന്ന് സെറ്റില്‍ഡ് ആവണം. 2026-ൽ എന്‍ഗേജ്‌മെന്‍റ് ഉണ്ടായേക്കാം എന്ന് പ്രതീക്ഷിക്കുന്നു'', സായ് ലക്ഷ്മി കൂട്ടിച്ചേർത്തു.
ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവം കാരണം തനിക്ക് നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ അടുത്ത സുഹൃത്തുക്കളുടെ ചെറിയൊരു സർക്കിളിൽ മാത്രമാണ് താൻ ഒതുങ്ങിക്കൂടുന്നതെന്നും സായ് ലക്ഷ്മി പറഞ്ഞു. നമ്മുടെ കൂടെ നിൽക്കുന്നവർ നമ്മളെ ഇന്നു ചതിക്കുമോ നാളെ ചതിക്കുമോ മറ്റന്നാൾ ചതിക്കുമോ എന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.



