സല്‍മാൻ ഫാരിസിന്റെയും മേഘയുടെയും പുതിയ വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനും ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് ഇവരുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞത്. വിവാഹത്തിനു ശേഷം യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ച് ആദ്യമായി സൽമാന്റെ ഉമ്മയെ കാണാൻ പോകുന്ന വീഡിയോയാണ് ഇരുവരും ഏറ്റവും ഒടുവിൽ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. കാസർകോഡ് ആണ് സൽമാന്റെ വീട്.
വീഡിയോ കോളിലൂടെ നിരന്തരം സംസാരിക്കാറുണ്ടെങ്കിലും തിരക്ക് കാരണം ഇതുവരെ ഒരുമിച്ച് ഉമ്മയെ കാണാൻ പറ്റിയിട്ടില്ലെന്നും ഇപ്പോഴാണ് അതിന് അവസരം ലഭിച്ചതെന്നും ഇരുവരും വീഡിയോയിൽ പറഞ്ഞു. ഉമ്മയ്ക്ക് ഒരു വാച്ചാണ് ഇരുവരും സമ്മാനമായി വാങ്ങിയത്. ആദ്യമായി ഉമ്മയെ കാണാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റും ടെൻഷനുമെല്ലാം തനിക്കുണ്ടെന്നാണ് മേഘ വീഡിയോയിൽ പറയുന്നത്.
ഉമ്മക്കു സമ്മാനമായി വാങ്ങിയ വാച്ച് മേഘ കയ്യിൽ കെട്ടി കൊടുക്കുന്നതും ഉമ്മ തിരിച്ച് സ്നേഹ ചുംബനം നൽകുന്നതുമെല്ലാം വീഡിയോയിൽ കാണിക്കുന്നുണ്ട്. സൽമാന്റെ തറവാട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുന്നതും കാണാം. കാസർകോട് ഉള്ളവർ നല്ല ഫാഷൻ സെൻസ് ഉള്ളവരാണെന്നും ഏത് കടയിൽ കയറിയാലും എന്തെങ്കിലും വ്യത്യസ്‍തമായ ഡ്രസ് ഉണ്ടായിരിക്കുമെന്നും മേഘ പറഞ്ഞു.
മിഴിരണ്ടിലും എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എന്ന രീതിയിൽ മാത്രമേ മേഘയെ കണ്ടിരുന്നുള്ളൂ എന്നും സല്‍മാൻ പറഞ്ഞിരുന്നു. ആദ്യം ജാഡക്കാരനാണെന്ന് തോന്നിയെങ്കിലും, അടുത്തറിഞ്ഞപ്പോള്‍ സല്‍മാന്റെ സ്വഭാവം മേഘയെ ആകർഷിച്ചു. ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയും ചെയ്‍തു. കൊച്ചു കുട്ടിയുടെ തോന്നലായാണ് സല്‍മാൻ അതെടുത്തത് എന്നും മേഘ പറഞ്ഞിരുന്നു.
