വിവാഹവാർത്തയ്ക്ക് താഴെ വന്ന ഒരു കമന്റ് തങ്ങളെ വല്ലാതെ വേദനിപ്പിച്ചതായി സൽമാനുളും മേഘയും പറയുന്നു
മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്. വിവാഹവാർത്ത പുറത്തു വന്നതിനു പിന്നാലെ ഇവരുടെ പ്രായവും മതവും ചൂണ്ടിക്കാട്ടി ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അത്തരം കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാനുളും മേഘയും. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വിവാഹവാർത്തയ്ക്ക് താഴെ വന്ന ഒരു കമന്റ് തങ്ങളെ വല്ലാതെ വേദനിപ്പിച്ചതായി സൽമാനുളും മേഘയും പറയുന്നു. അവളിനി ചാക്കില്‍ കയറും എന്ന കമന്റ് ഏറെ വേദനിപ്പിച്ചു എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ''അവര്‍ ഉദ്ദേശിച്ചത് പര്‍ദയാണ്. എന്തിനാണ് അതിനെ ഇത്ര മോശമായി കാണുന്നത് എന്നറിയില്ല. അതൊരു നല്ല വേഷമല്ലേ?'' സല്‍മാനുൾ ചോദിച്ചു.
''ഒരിക്കലും പര്‍ദ ധരിക്കാന്‍ ഞാന്‍ മേഘയെ നിര്‍ബന്ധിക്കില്ല, ധരിക്കാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ എതിര്‍ക്കുകയുമില്ല. കല്യാണത്തിന് പൊട്ട് ധരിക്കാതിരുന്നപ്പോള്‍ തന്നെ പലരും പറഞ്ഞു, കണ്ടോ അവളിപ്പോള്‍ തന്നെ പൊട്ട് തൊട്ടില്ല മതം മാറി എന്ന്'', സല്‍മാനുൾ കൂട്ടിച്ചേർത്തു. എന്തു ധരിക്കണം എന്നത് തന്റെ ചോയ്സ് ആണ് എന്നായിരുന്നു മേഘയുടെ മറുപടി.
മിഴിരണ്ടിലും എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനുളും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എന്ന രീതിയിൽ മാത്രമേ മേഘയെ കണ്ടിരുന്നുള്ളൂ എന്നും സല്‍മാനുൾ പറഞ്ഞിരുന്നു. ആദ്യം ജാഡക്കാരനാണെന്ന് തോന്നിയെങ്കിലും, അടുത്തറിഞ്ഞപ്പോള്‍ സല്‍മാനുളിന്റെ സ്വഭാവം മേഘയെ ആകർഷിച്ചു. ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയും ചെയ്തു. കൊച്ചു കുട്ടിയുടെ തോന്നലായാണ് സല്‍മാനുൾ അതെടുത്തത് എന്നും മേഘ പറഞ്ഞിരുന്നു. മേഘയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായ ദിവസമാണ് സല്‍മാനുളിനെ പ്രപ്പോസ് ചെയ്തത്. ''ഒട്ടും സീരിയസ് അല്ലായിരിക്കും, നിന്റെ തോന്നലാണ്, പ്രായത്തിന്റെ പ്രശ്‌നമാണ്, പഠനത്തില്‍ ശ്രദ്ധിക്കൂ'' എന്നായിരുന്നു സല്‍മാനുൾ മറുപടി നൽകിയത്. ''എനിക്ക് എന്റെ പ്രണയത്തില്‍ വിശ്വാസമുണ്ടായിരുന്നു. രണ്ടര വര്‍ഷം കാത്തിരുന്നു, അവസാനം അത് സംഭവിച്ചു'', എന്നും മേഘ പറഞ്ഞിരുന്നു.
ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; 'ചെമ്പനീര്‍ പൂവ്' 350 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നു
