ഏഴു വർഷം പ്രണയിച്ചാണ് വിവാഹം കഴിച്ചത് എന്നും നടൻ.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിലൊന്നാണ് സാന്ത്വനം 2. സീരിയലിൽ ആര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ഗിരീഷ് ഗംഗാധരൻ. തൃശൂർ സ്വദേശിയായ ഗിരീഷ് ഇൻഫോപാർക്കിലെ ജീവനക്കാരനായിരുന്നു. അച്ഛനും അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. ചില ഷോർട്ഫിലിമുകളിലും മ്യൂസിക്കൽ ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഗിരീഷ് തത്വമസി എന്ന തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.
സാന്ത്വനം സീരിയൽ അനുഭവങ്ങളെക്കുറിച്ചാണ് ഗിരീഷ് പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. സാന്ത്വനം 2 ആണ് തന്റെ കരിയർ മാറ്റി മറിച്ചതെന്ന് താരം പറയുന്നു. അഭിനയം എക്കാലവും തന്റെ പാഷൻ ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ''എല്ലാ ജോലികൾക്കും അതിന്റേതായുള്ള കഷ്ടപ്പാടുകളുണ്ട്. ഇതു ഞാൻ ഇഷ്ടം കൊണ്ടു ചെയ്യുന്ന ജോലിയാണ്. അതുകൊണ്ട് അത്തരം കഷ്ടപ്പാടുകൾ കാര്യമാക്കാറില്ല. സീരിയലിന്റെ കാര്യം പറഞ്ഞാൽ, രാവിലെ ഒരു 7 മണിക്ക് ഷൂട്ടിംഗ് തുടങ്ങും, രാത്രി ഒരു പത്തു മണി വരെ ഉണ്ടാകും. ഇതിനു പിന്നിലുള്ള കഷ്ടപ്പാടുകളൊന്നും ആരും അറിയുന്നില്ല'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ ഗിരീഷ് ഗംഗാധരൻ പറഞ്ഞു.
സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഇപ്പോഴും ഉണ്ടെന്നും ഇതൊരു എക്സീപിരിയൻസ് ആയി എടുക്കാനാണ് താത്പര്യമെന്നും ഗിരീഷ് ഗംഗാധരൻ അഭിമുഖത്തിൽ പറഞ്ഞു.
റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ ഭാര്യയോട് പറയാറുണ്ടെന്നും അതിലൊന്നും ഒരു കുഴപ്പവുമില്ലെന്നും താരം കൂട്ടിച്ചേർത്തു. ''ഞങ്ങളുടേത് പ്രണയവിവാഹമാണ്. എനിക്കവളെയും അവൾക്ക് എന്നെയും നന്നായി അറിയാം. ഏഴു വർഷം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോഴും പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. കഥാപാത്രം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ എനിക്കും അവൾക്കും ഒരു കുഴപ്പവുമില്ല.''
