ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ടെന്ന് പറയുകയാണ് ശ്രുതി രജനികാന്ത്.
'ചക്കപ്പഴം' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രുതി രജനീകാന്ത്. പരമ്പരയിലെ 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തി. അടുത്തിടെ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ലഭിച്ച കാര്യവും ജോലിസ്ഥലത്തെ വിശേഷങ്ങളുമൊക്കെ ശ്രുതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രവാസജീവിതത്തെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
പ്രതിസന്ധികൾ പലതും നേരിട്ടിട്ടും പലരും എന്തുകൊണ്ടാണ് ദുബായ് ഉപേക്ഷിച്ചുപോകാത്തത് എന്നാണ് ശ്രുതി പുതിയ വീഡിയോയിൽ പറയുന്നത്. 'ദുബായിയുടെ മറ്റൊരു മുഖം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അതേ കുറിച്ച് കൂടി നിങ്ങളോട് സംസാരിക്കണമെന്ന് എനിക്ക് തോന്നി. ഇതുവരെ ഞാൻ നിങ്ങളോട് ദുബായിയുടെ പ്രാക്ടിക്കൽ സൈഡിനെ കുറിച്ചാണ് പറഞ്ഞത്.
ഒരു ഇമോഷണൽ സൈഡ് കൂടി ദുബായിക്കുണ്ട്. നിരവധി പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും അതെല്ലാം തരണം ചെയ്താണ് എല്ലാവരും ഇവിടെ നിൽക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ദുബായ് ആളുകൾ തെരഞ്ഞെടുക്കുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. ഇരുപത്തിയൊന്ന് വർഷമായിട്ടും നാൽപ്പത്തിയൊന്ന് വർഷമായിട്ടും എല്ലാം പ്രവാസികളായി നിൽക്കുന്നവരുണ്ട്.
എല്ലാവരും ഓരോ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്ന് പോകുന്നവരാണ്. എങ്കിലും ഇവരെല്ലാം നമ്മളെയൊക്കെ വെളിയിൽ വെച്ച് കാണുകയാണെങ്കിൽ നമ്മുടെ സുഖ വിവരങ്ങൾ തിരക്കും. ഭക്ഷണം കഴിച്ചോയെന്ന് ചോദിക്കും. അപരിചിതർ പോലും നമ്മളെ സഹായിക്കും. എവിടെ ചെന്നാലും മനുഷ്യത്വം ഉള്ളതായി നമുക്ക് തോന്നും. ആളുകളെ ഗ്രീറ്റ് ചെയ്യുന്നതിന് ഒരു രീതിയുണ്ട്. അത് ദുബായിൽ വന്നാൽ കാണാൻ കഴിയും. ആ ഒരു സ്നേഹത്തിന്റെ പേരിലാണ് എല്ലാവരും ദുബായ് തന്നെ തെരഞ്ഞെടുക്കുന്നത്. നമുക്ക് ആരൊക്കയോ ഉള്ളതുപോലൊരു ഫീൽ ഈ സ്ഥലം എല്ലാവർക്കും കൊടുക്കുന്നുണ്ട്. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അടുത്ത് നിൽക്കുന്നവർ മാത്രമെയുള്ളൂ എന്ന ബോധ്യം ഇവിടെ എല്ലാവർക്കുമുണ്ട്'', ശ്രുതി വീഡിയോയിൽ പറഞ്ഞു.
