തനിക്കും കുടുംബത്തിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും പ്രജുഷ സംസാരിച്ചു.

ബിഗ് സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പ്രജുഷ. ഇതിനിടെ കോമഡി സ്റ്റാർസ് എന്ന ജനപ്രിയ കോമഡി ഷോയിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പ്രജുഷയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

''സീരിയലുകളിൽ വളരെ തിരക്കുള്ള ഒരു സമയമുണ്ടായിരുന്നു. അതൊക്കെയും വളരെ സന്തോഷത്തോടെയാണ് ചെയ്തത്. ആ സമയമൊക്കെ കഴിഞ്ഞു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊക്കെ ഇനി തിരിച്ച് പിടിക്കാൻ പറ്റില്ലെന്നും തോന്നിയിട്ടുണ്ട്. പണ്ട് കുറച്ച് ആർട്ടിസ്റ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഏതു കഥാപാത്രം ചെയ്യാനും പുതിയ ആളുകളെയാണ് തെരഞ്ഞെടുക്കുന്നത്. അത് ഒരു പരിധി വരെ പഴയ ആർട്ടിസ്റ്റുകളെ ബാധിച്ചിട്ടുണ്ട്'', സീരിയൽ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രജുഷ പറഞ്ഞു.

തനിക്കും കുടുംബത്തിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും പ്രജുഷ സംസാരിച്ചു. ''ഭർത്താവ് കുമാർ നന്ദ സിനിമാ സംവിധായകനാണ്. അദ്ദേഹം കാശുകാരനായി ജീവിച്ച് വന്ന വ്യക്തിയായിരുന്നു. പെട്ടെന്ന് എല്ലാവർക്കും ഉണ്ടാകുന്നത് പോലെ പുള്ളിക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടായി. ആ സമയത്ത് എനിക്കും വർക്കില്ലാതായി. അങ്ങനെ സ്റ്റിച്ചിംഗ് സെന്റർ തുടങ്ങി. ആറ്റുകാൽ പൊങ്കാല സമയത്ത് നൂറ് രൂപ സാരിയൊക്കെയുണ്ടല്ലോ. 80 രൂപയ്ക്ക് സാരിയെടുത്ത് നൂറ് രൂപയ്ക്കു വിറ്റ്, ആ കട വളർത്തി. പിന്നെ ആ ബിസിനസും മോശമായി'', എന്ന് പ്രജുഷ പറഞ്ഞു.

''പിന്നീടാണ് ചായക്കട തുടങ്ങിയത്. ഞാനും ഭർത്താവും ഒരു പാചകക്കാരനും ഉണ്ടായിരുന്നു. ഞങ്ങൾ തന്നെ എച്ചിൽ പാത്രങ്ങളെടുത്ത് കഴുകി വെക്കുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. അപ്പോഴും ഞങ്ങൾ രണ്ട് പേരും കരുതിയത് നല്ല കാലം വരാൻ പോകുന്നുണ്ട്, അതിന് മുമ്പുള്ള ബുദ്ധിമുട്ടാണിതെന്നാണ്. മകനെ ഗർഭിണിയായിരുന്ന സമയത്താണ് സ്റ്റോളിട്ടത്. അന്ന് തലയിൽ ചുമടെടുത്താണ് സ്റ്റോളിലേക്ക് സ്റ്റോക്കുകൾ കൊണ്ട് വന്നത്. അതെല്ലാം കടന്ന് വന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഇപ്പോഴും തൃപ്തയല്ല. ഒരു കാലഘട്ടത്തിൽ എന്തായിരുന്നു ഞാൻ? അതൊക്കെ മാറി ഇപ്പോൾ ഒന്നുമല്ലാതെ വെറും ശൂന്യാകാശത്തിൽ നിൽക്കുന്ന അവസ്ഥയാണ്'', പ്രജുഷ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..